Business
ദുബൈ നിരത്തുകളിലിറങ്ങാന്‍ സജ്ജം; റോഡുകള്‍ കൈയടക്കാന്‍ 269 പുതിയ ടെസ്ല കാറുകളുമായി അറേബ്യ ടാക്സി
പുതിയ 269 വാഹനങ്ങള്‍ കമ്പനിയുടെ വാഹന വ്യൂഹത്തെ പൂര്‍ണമായും വൈദ്യുത, കാര്‍ബണ്‍ രഹിതമാക്കി മാറ്റാനുള്ള വലിയൊരു കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.
ദുബൈ | ശൈഖ് മാജിദ് ബിന്‍ ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എക്കണോമിക് ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ സബ്സിഡിയറിയായ ദുബൈയിലെ അറേബ്യ ടാക്സിയിലേക്ക് 269 പുതിയ ടെസ്ല മോഡല്‍ 3 കാറുകള്‍ ചേര്‍ക്കാനുള്ള ധാരണയില്‍ ഒപ്പുവെക്കുമെന്ന് അധികൃതര്‍.
ദുബൈ ടാക്സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍ 2027ഓടെ നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാക്കി (ഹെബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍) മാറ്റാനുള്ള ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ)യുടെ സ്ട്രാറ്റജിയുടെ ഭാഗമായാണിത്.
എക്കണോമിക് ഗ്രൂപ്പിന് യു എ ഇയില്‍ സ്വകാര്യ ടാക്സി വാഹനങ്ങളില്‍ ഏറ്റവും വലിയ വ്യൂഹം സ്വന്തമായുണ്ട്. 6,000 ടാക്സി വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്. ഈ പുതിയ 269 വാഹനങ്ങള്‍ കമ്പനിയുടെ വാഹന വ്യൂഹത്തെ പൂര്‍ണമായും വൈദ്യുത, കാര്‍ബണ്‍ രഹിതമാക്കി മാറ്റാനുള്ള വലിയൊരു കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.
നിലവില്‍ ദുബൈ ഫ്ളീറ്റിലെ 83 ശതമാനം കാറുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എന്‍ജിന്‍ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ കമ്പനി ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് എക്കണോമിക് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ഹമദ് അല്‍ഖാസിമി പറഞ്ഞു.
‘ശേഷിക്കുന്ന വാഹനങ്ങളെ പൂര്‍ണമായും ഇലക്ട്രിക് കാറുകളാക്കി മാറ്റാനുള്ള തന്ത്രപരമായ പദ്ധതിയുമായാണ് കമ്പനി മുമ്പോട്ടു പോകുന്നത്. ഭാവിയില്‍ ഹൈഡ്രജന്‍ ഊര്‍ജ വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നു.
ടെസ്ലയുമായും നിരവധി ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളുമായും സഹകരണം വിപുലീകരിക്കാനും ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്നതും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാനും സാധിക്കുമെന്നാണ് പ്രതീക്ഷ. പൊതു, സ്വകാര്യ ഗതാഗത വ്യവസായത്തെ സുസ്ഥിരമായ ഒന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലും യു എ ഇയിലെ മുഴുവന്‍ മേഖലയിലും വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിലും കമ്പനി പ്രധാന പങ്ക് വഹിക്കും.’ -അല്‍ഖാസിമി പ്രത്യാശിച്ചു.
‘യു എ ഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശാനുസൃതം രാജ്യത്തെ ഊര്‍ജോപയോഗം യുക്തിസഹമാക്കാനും, ദുബൈ എമിറേറ്റിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തി സുരക്ഷിതവും വൃത്തിയുള്ളതും സ്ഥിരതയാര്‍ന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാനും അറേബ്യ ടാക്സി ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രസക്തമാണ്. ദുബൈ എമിറേറ്റിലെ വൃത്തിയുള്ള അന്തരീക്ഷത്തിനായി ഹരിത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ദുബൈ ഗവണ്മെന്റിന്റെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ നീക്കം.’ – ആര്‍ ടി എയിലെ പൊതു ഗതാഗത ഏജന്‍സി സി ഇ ഒ. അഹ്മദ് ബഹ്റൂസിയന്‍ പറഞ്ഞു.
ദുബൈ എമിറേറ്റിലെ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താന്‍ അതോറിറ്റിയും ഫ്രാഞ്ചൈസി കമ്പനികളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ പ്രാധാന്യം ബഹ്റൂസിയന്‍ പ്രത്യേകം പ്രസ്താവിച്ചു. ഫലപ്രദമായ ഈ സഹകരണം 2027ഓടെ 100 ശതമാനം ടാക്സി വാഹനങ്ങളെ പരിസ്ഥിതി സൗഹൃദ കാറുകളാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിലെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എമിറേറ്റിലെ കാര്‍ബണ്‍ ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ആര്‍ ടി എയുടെ പദ്ധതിയുമായി പൊരുത്തപ്പെടുന്നതാണ് അറേബ്യ ടാക്സിയുടെ തന്ത്രപരമായ ഈ പരിവര്‍ത്തന യജ്ഞം.