Connect with us

prathivaram story

തിരിച്ചറിവ്...

ഗസ്സയിൽ നിലവിളിയോടെ പിടഞ്ഞമരുന്ന കുരുന്നു ജീവനുകളുടെ നിസ്സഹായത അയാളെ അസ്വസ്ഥനാക്കി. മനുഷ്യർക്ക് എങ്ങനെ ഇത്രയും ക്രൂരന്മാരാകാൻ കഴിയുന്നുവെന്ന് ചിന്തിച്ച് പല രാത്രികളിലും അയാൾക്ക് ഉറക്കമേ വന്നില്ല..

Published

|

Last Updated

ക്ഷണം എന്തു തന്നെ ആയിക്കൊള്ളട്ടെ, അതിന് നിർബന്ധമായും കോഴിയുടെ ഏതെങ്കിലും ഒരു വകഭേദം വേണമെന്നുള്ളത് അയാൾക്ക് നിർബന്ധമുള്ള കാര്യമാണ്. പ്രഭാത പ്രദോഷ ഭേദങ്ങളൊന്നും ഈ ഇഷ്ടത്തിനുണ്ടായിരുന്നില്ല. ദേശകാല ഭേദമന്യേ കോഴി, അയാളുടെ ദൗർബല്യമായി മാറി. ഒരു അവധി ദിവസം വൈകുന്നേരം ചായയുടെ കൂടെ കോഴിക്കാൽ കടിച്ചു തിന്നുന്ന ഭർത്താവിനെ കണ്ടപ്പോഴാണ് കൊറിക്കാനും കഴിക്കാനും മറ്റൊന്നുമില്ലെങ്കിൽ കോഴിക്കാലും തിന്നു കളയും ഭർത്താവെന്ന് ശ്രീമതിക്ക് മനസ്സിലായത്.

“മനുഷ്യാ, ഒരു പീസെങ്കിലും ബാക്കി വെച്ചേയ്ക്ക്. കുട്ടികൾ വരുമ്പോൾ കൊടുക്കാം.’
ഭാര്യയുടെ വാക്കുകൾ കേൾക്കാൻ അയാൾക്ക് സമയമുണ്ടായിരുന്നില്ല. അയാളും കോഴിയുമായുള്ള ഭ്രാന്തമായ ബന്ധം തെളിയിച്ചു കൊണ്ട് പ്ളൈറ്റ് കാലിയാക്കുന്നതിനിടയിൽ തികച്ചും സൗജന്യമായി ഭാര്യക്ക് ഒരുപദേശവും കൊടുത്തു.

“എടീ, ഇത്ര ചെറുപ്പത്തിലേ കുട്ടികൾ ചിക്കൻ അഡിക്റ്റായിക്കൂടാ… ഞാനൊക്കെ നേരെ ചൊവ്വെ ചിക്കൻ കാണുന്നത് എത്രാമത്തെ വയസ്സിലാണെന്ന് അറിയാമോ.’ അയാൾ പഴം പുരാണം തുടങ്ങിയപ്പോൾ അവർ തലയിൽ കൈവെച്ചു. ഇനി ഒരു രക്ഷയുമില്ല, തനിക്കും കുട്ടികൾക്കും ചിക്കനും കിട്ടിയില്ല, ഈ പഴംപുരാണം മുഴുവനും കേൾക്കുകയും വേണം..

എന്തു പറഞ്ഞാലും ഇതു തന്നെ സ്ഥിതി, കുട്ടികൾ ടി വിയുടെ റിമോട്ട് കൈയിലെടുത്താലുടൻ തുടങ്ങുകയായി. ” മക്കളേ, നിങ്ങളുടെ അച്ഛൻ എത്രാമത്തെ വയസ്സിലാണ് ടി വി കാണാൻ തുടങ്ങിയതെന്ന് നിങ്ങൾക്കറിയാമോ?’’

കമ്പ്യൂട്ടറാണെങ്കിലും തഥൈവ. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്ത് ഇതൊന്നുമില്ലാതിരുന്നത് ഞങ്ങളുടെ ആരുടെയെങ്കിലും കുഴപ്പം കൊണ്ടാണോ എന്നാണ് സ്വാഭാവികമായും ചോദിക്കേണ്ടത്, പക്ഷേ “കുടുംബ കലഹമൊഴിവാക്കുന്നതിൽ ഭാര്യമാരുടെ പങ്ക്’ എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ക്ലാസ്സിന്റെ ഓർമ ബാക്കിയിരുന്നതു കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല.
അല്ലെങ്കിൽ തന്നെ ഓരോന്ന് കാണുമ്പോൾ എങ്ങനെയാ ചോദിക്കാതിരിക്കുകയെന്നും ഇടക്ക് പ്രിയതമക്ക് തോന്നാറുണ്ട്.അങ്ങനെ കിറുക്ക് പിടിച്ച ഓരോ ചെയ്തികളാണ് ഈയിടെയായി പ്രിയതമക്ക് നേരിടേണ്ടി വരുന്നത്.

ഇങ്ങനെയൊക്കെയുള്ള അയാളാണ് ഒരു സുപ്രഭാതത്തിൽ തികഞ്ഞ കോഴി വിരോധി ആയി മാറിയത്. കോഴിയെ ജീവനോടെയോ അല്ലാതെയോ കാണുന്നത് പോലും ഇഷ്ടമല്ലാതായി മാറിയത്. എന്താണ് അയാൾക്ക് പറ്റിയത്?….എല്ലാവരും മൂക്കത്ത് വിരൽ വെച്ചു. വീട്ടിൽ മാംസ ഭക്ഷണം നിരോധിച്ചു. സസ്യാഹാരം നിർബന്ധമാക്കി. ഞായറാഴ്ചകളിൽ അയൽവീടുകളിൽ നിന്നുള്ള ഇറച്ചിക്കറിയുടെ മണം മൂക്കിലടിച്ചു കയറുമ്പോൾ വായിൽ വെള്ളമൂറാനായിരുന്നു പ്രിയതമയുടെയും മക്കളുടെയും വിധി.

ഇത്ര പെട്ടെന്ന് അദ്ദേഹം ഇത്രയും വലിയ മാംസവിരോധിയാകാൻ എന്താണ് കാരണമെന്ന് മാത്രമാണ് ആർക്കും പിടികിട്ടാതിരുന്നത്. വലിയ വായനപ്രിയനും ഗ്രന്ഥാലയശാസ്ത്ര ബിരുദക്കാരനുമായ അദ്ദേഹം വായിച്ച കൂട്ടത്തിൽ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ’ളെങ്ങാനും വായിച്ച് ഗാന്ധിജിയുടെ സ്വാധീനത്തിലെങ്ങാനും പെട്ടതാണോ? അതോ ഏതെങ്കിലും ദിവ്യൻമാരുടെയും അടുത്ത് പോയി ശിഷ്യത്വം സ്വീകരിച്ചതാണോ…സന്ദേഹങ്ങളും സംശയങ്ങളും അനന്തമായി നീണ്ടെങ്കിലും ആർക്കും ഒരെത്തും പിടിയും കിട്ടിയില്ല.

കഴിഞ്ഞ ദിവസം അയാൾ ഉറക്കമൊഴിഞ്ഞിരുന്ന് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ വായിക്കാം. “മാംസാഹാരം വർജിക്കേണ്ടതിന്റെ പത്ത് കാരണങ്ങൾ’. മിസിസ് ഞെട്ടിപ്പോയി. എങ്ങനെ ഞെട്ടാതിരിക്കും, കഴിഞ്ഞ മാസം “ചിക്കൻ ശീലമാക്കേണ്ടതിന്റെ പതിനഞ്ച് കാരണങ്ങൾ’ എന്ന പേരിൽ ആരോഗ്യ മാസികയിൽ ലേഖനമെഴുതി, അതിന് കിട്ടിയ പ്രതിഫലം കൊണ്ട് ചിക്കൻ 65 വാങ്ങി വീട്ടിൽ കൊണ്ട് വന്ന ആളാണ്. ഭാര്യക്ക് തന്തൂരി ചിക്കനും മക്കൾക്ക് ചിക്കൻ ടിക്കയും വാങ്ങിക്കൊടുക്കുകയും സ്വന്തമായി ചില്ലി ചിക്കൻ വാങ്ങിക്കഴിക്കുകയും ചെയ്ത മാന്യദേഹമാണ് ഇന്ന് കുമ്പളങ്ങാക്കറിയും മുരിങ്ങത്തോരനും കഴിച്ചു കൊണ്ടിരുന്ന് കോഴി വിരുദ്ധ ലേഖനങ്ങൾ എഴുതുന്നത്. ഇങ്ങനെയും മനുഷ്യന്മാർ മാറുമോ, ഇതൊക്കെ വിവിധ രൂപങ്ങളിൽ വയറ്റിലായ കോഴികൾ പൊറുക്കുമോ?

ഇനി, ഓഫീസിലും അയൽക്കാർക്കിടയിലും “കോഴി’ എന്ന് ഇരട്ടപ്പേര് വീണതുകൊണ്ടാണോ പെട്ടെന്ന് ഈ മാറ്റം? അഭ്യൂഹങ്ങൾ പലതും പ്രചരിച്ചതല്ലാതെ ആർക്കും കൃത്യമായ ഒരു മറുപടിയും കിട്ടിയില്ല. ഏറെ നാളത്തെ മൗനത്തിന് ശേഷമാണ് ഒരു രാത്രികാല മഴച്ചാറ്റലും നോക്കിയിരിക്കവെ അയാൾ പ്രിയതമയോട് ആ രഹസ്യം വെളിപ്പെടുത്തിയത്.

ആനുകാലിക പത്രവാർത്തകൾ അയാളുടെ ജീവിതത്തിൽ നടുക്കവും മാറ്റവുമായി പടർന്നു കയറുകയായിരുന്നു. ഗസ്സയിൽ നിലവിളിയോടെ പിടഞ്ഞമരുന്ന കുരുന്നു ജീവനുകളുടെ നിസ്സഹായത അയാളെ അസ്വസ്ഥനാക്കി. മനുഷ്യർക്ക് എങ്ങനെ ഇത്രയും ക്രൂരന്മാരാകാൻ കഴിയുന്നുവെന്ന് ചിന്തിച്ച് പല രാത്രികളിലും അയാൾക്ക് ഉറക്കമേ വന്നില്ല..

നിലാവുള്ള രാത്രികളിൽ നിലാവിലും നക്ഷത്രങ്ങളിലും ആ കുഞ്ഞുങ്ങളുടെ രൂപമാണ് അയാൾ കണ്ടത്. മഴമേഘങ്ങൾ നിറഞ്ഞ രാത്രിയിൽ അവരുടെ തേങ്ങലുകൾ മഴത്തുള്ളികളായി പെയ്തിറങ്ങുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. കണ്ണടയ്ക്കാൻ തുടങ്ങുമ്പോൾ എതോ കരങ്ങൾ തങ്ങൾക്ക് നേരെയും നീണ്ടുവരുന്നതായി അയാൾക്ക് തോന്നി. അടുത്തു കിടന്നുറങ്ങുന്ന ഭാര്യയേയും മക്കളേയും അയാൾ പേടിയോടെ വീണ്ടും വീണ്ടും നോക്കി.

ഉറങ്ങാതെ കിടന്ന ആ രാത്രിയിൽ പല വിധ ചിന്തകൾ അയാളെ വല്ലാതെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്തു. ഗസ്സയിലെ കുഞ്ഞുങ്ങളുടെ നിലവിളികൾ പത്രങ്ങളിൽ അമർന്നു പോയ രോദനമായി അയാളിൽ നിറയാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ പതിവു പോലെ ഉണർന്ന് കോഴിക്കടയിലേക്ക് പോയ അയാൾ ഒരു ഞെട്ടലോടെയാണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. കത്തിമുനയുടെ മുന്നിൽ നിലവിളിക്കുന്ന കോഴികളുടെ ശബ്ദത്തിനും എവിടെയോ ഉയരാതെ പോയ അമർത്തപ്പെട്ട നിലവിളികൾക്കും തമ്മിലുള്ള സാമ്യം, ഏറെ അസ്വസ്ഥതയോടെ, വെറുംകൈയോടെ തിരിച്ചു പോരുമ്പോൾ നിസ്സഹായതയുടെ നിലവിളി ശബ്ദം അയാളിൽ നൊമ്പരമായി നിറയുകയായിരുന്നു. അന്ന് മുതലാണ് അയാൾ കോഴി കഴിക്കാതായത്.