Techno
റിയല്‍മിയുടെ രണ്ട് 5ജി ഫോണുകള്‍ ഇന്ത്യയിലെത്തി
റിയല്‍മി 11 5ജി, റിയല്‍മി 11എക്‌സ് 5ജി എന്നിവയാണ് അവ.
ന്യൂഡല്‍ഹി| റിയല്‍മിയുടെ രണ്ട് പുതിയ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 20,000 രൂപയില്‍ താഴെയാണ് ഫോണുകളുടെ വില. റിയല്‍മി 11 5ജി, റിയല്‍മി 11എക്‌സ് 5ജി എന്നിവയാണ് അവ. കാണാന്‍ സാമ്യതകളുണ്ടെങ്കിലും രണ്ട് ഫോണുകളുടെയും സ്‌പെസിഫിക്കേഷനുകള്‍ വ്യത്യാസമുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
റിയല്‍മി 11 സ്മാര്‍ട്ട്‌ഫോണ്‍ യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഫോണാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അധികം പണം മുടക്കാതെ മികച്ച കാമറയും 5ജി കണക്റ്റിവിറ്റിയും നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. റിയല്‍മി 11 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് ഇന്ത്യയില്‍ 18,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട്, റിയല്‍മി വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് ഈ ഫോണിന്റെ വില്‍പ്പന നടക്കുന്നത്. റിയല്‍മി 11 5ജിയുടെ ആദ്യ വില്‍പ്പന ഓഗസ്റ്റ് 29ന് നടക്കും. ആദ്യ വില്‍പ്പനയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിയല്‍മി 1,500 രൂപ കിഴിവ് നല്‍കുന്നുണ്ട്. ഫോണിന്റെ പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിക്കും. കറുപ്പ്, ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.
റിയല്‍മി 11എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ബേസ് വേരിയന്റില്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഈ വേരിയന്റിന് 14,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപ വിലയുണ്ട്. റിയല്‍മി 11എക്‌സ് 5ജിയുടെ ആദ്യ വില്‍പ്പനയില്‍ ഫോണിന് 1,000 രൂപ കിഴിവും റിയല്‍മി നല്‍കും. ഓഗസ്റ്റ് 25ന് നടക്കുന്ന പ്രത്യേക വാര്‍ഷിക വില്‍പ്പനയില്‍ കുറച്ച് സ്റ്റോക്കുകള്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, പര്‍പ്പിള്‍ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്.