Connect with us

Techno

റിയല്‍മി നാര്‍സോ 60എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

15,000 രൂപയില്‍ താഴെയാണ് ഫോണിന്റെ വില.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി നാര്‍സോ സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി നാര്‍സോ 60എക്‌സ് എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 60, നാര്‍സോ 60 പ്രോ എന്നീ ഫോണുകളുടെ നിരയിലേക്കാണ് റിയല്‍മി നാര്‍സോ 60എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി 11എക്‌സ് 5ജി ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പാണ് നാര്‍സോ 60എക്‌സ്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് നിറങ്ങളിലുമാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുക. 15,000 രൂപയില്‍ താഴെയാണ് ഫോണിന്റെ വില.

റിയല്‍മി നാര്‍സോ 60എക്‌സ് സ്മാര്‍ട്ട്‌ഫോണില്‍ 6.72-ഇഞ്ച് ഫുള്‍-എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 680 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്‌പ്ലെയാണിത്. 6 ജിബി വരെ എല്‍പിഡിഡിആര്‍4എക്‌സ് റാമുമായി വരുന്ന സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6100+ എസ്ഒസിയാണ്. 128 ജിബി വരെ യുഎഫ്എസ് 2.1 ഇന്‍ബില്‍റ്റ് സ്റ്റോറേജും ഫോണിലുണ്ട്. 33ഡബ്ല്യു സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, 5,000എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

റിയല്‍മി നാര്‍സോ 60എക്‌സ് സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപ വിലയുണ്ട്. നെബുല പര്‍പ്പിള്‍, സ്റ്റെല്ലാര്‍ ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. റിയല്‍മി വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും സെപ്തംബര്‍ 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തും.