Uae
റീം മാള്‍ മുതല്‍ മറീന മാള്‍ വരെ; അബൂദബി നഗരത്തില്‍ എ ആര്‍ ടി സര്‍വീസ് ആരംഭിച്ചു
തുടക്കത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റീം മാളിനും മറീന മാളിനും ഇടയില്‍ ഇലക്ട്രാ സ്ട്രീറ്റ് എന്നറിയപ്പെടുന്ന സായിദ് ഫസ്റ്റ് സ്ട്രീറ്റ് വഴിയാണ് സര്‍വീസ് നടത്തുക.
അബൂദബി | ട്രാമിന് സമാനമായ, ബസിന്റെയും ട്രാമിന്റെയും സംയോജനമായി വിശേഷിപ്പിക്കപ്പെടുന്ന റെയില്‍-ലെസ് വാഹനം, ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ് (എ ആര്‍ ടി) അബൂദബി നഗരത്തിലും സര്‍വീസ് ആരംഭിച്ചു. മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിനു (ഡി എം ടി) കീഴിലെ സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി) ആദ്യം യാസ് ദ്വീപിലും സാദിയാത്ത് ദ്വീപിലും സര്‍വീസ് നടത്തിയിരുന്ന എ ആര്‍ ടി സര്‍വീസാണ് ഇപ്പോള്‍ നഗരത്തിലേക്കും വ്യാപിപ്പിച്ചത്.
തുടക്കത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റീം മാളിനും മറീന മാളിനും ഇടയില്‍ ഇലക്ട്രാ സ്ട്രീറ്റ് എന്നറിയപ്പെടുന്ന സായിദ് ഫസ്റ്റ് സ്ട്രീറ്റ് വഴിയാണ് സര്‍വീസ് നടത്തുക. കഴിഞ്ഞ ദിവസം നഗരത്തിലൂടെ എ ആര്‍ ടിയുടെ ആദ്യ സര്‍വീസ് നടത്തി.
ശീതീകരിച്ച മൂന്ന് കമ്പാര്‍ട്ടുമെന്റുകളാണ് എ ആര്‍ ടിയിലുള്ളത്. ആദ്യ ഘട്ടത്തില്‍ നിയുക്ത സ്റ്റോപ്പുകളിലാണ് നിര്‍ത്തുക. നൂതന ഇലക്ട്രിക് വാഹനമായ എ ആര്‍ ടി യില്‍ 200 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത് നഗരത്തിലെ സുസ്ഥിര ചലനാത്മകത വര്‍ധിപ്പിക്കുമെന്ന് ഐ ടി സി അധികൃതര്‍ അറിയിച്ചു.
എ ആര്‍ ടി യിലെ ഇരിപ്പിടങ്ങള്‍ ദുബൈ മെട്രോക്ക് സമാനമാണ്. പ്ലസ് സീറ്റുകള്‍, യാത്രക്കാര്‍ക്കുള്ള സ്ട്രാപ്പുകള്‍, പനോരമിക് വിന്‍ഡോകള്‍, സ്റ്റോപ്പുകളുടെ ഡിജിറ്റല്‍ അറിയിപ്പ് എന്നിവ ബസിലുണ്ട്. ജനപ്രിയ റൂട്ടുകളില്‍ നിയുക്ത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന എ ആര്‍ ടി കാത്തിരിക്കുന്ന യാത്രക്കാര്‍ക്കായി സ്റ്റോപ്പുകളിലെത്തുമ്പോള്‍ മണിനാദം മുഴക്കുന്നു. ചില സ്ഥലങ്ങളില്‍ എ ആര്‍ ടികള്‍ നിര്‍ത്താന്‍ പ്രത്യേക സ്റ്റോപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ സാധാരണ പൊതു ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നു. നിര്‍ത്തുന്ന സ്റ്റോപ്പുകളില്‍ സ്റ്റിക്കറുകള്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
റെയില്‍ സംവിധാനമോ, മെട്രോ സംവിധാനമോ നിലവിലില്ലാത്ത അബൂദബി നഗരത്തിലെ ഗതാഗത മേഖലയില്‍ നഗര യാത്ര സുഗമമാക്കുന്നതിനുള്ള ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ് എ ആര്‍ ടി. 150-ലധികം പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സജ്ജമാകുന്ന അബൂദബി നഗരത്തില്‍ തിരക്കേറിയ സീസണിന് തൊട്ടുമുമ്പാണ് എ ആര്‍ ടി സര്‍വീസ് ആരംഭിച്ചത്.
ഗലേറിയ അല്‍ മരിയ ദ്വീപ്, മറീന സ്‌ക്വയര്‍, ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ മസ്ജിദ്, ഐക്കണിക് ഖസര്‍ അല്‍ ഹുസന്‍, ഖാലിദിയ പാര്‍ക്ക്, അബൂദബി എനര്‍ജി സെന്റര്‍, ശൈഖ ഫാത്തിമ പാര്‍ക്ക്, കോര്‍ണിഷ്, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ എ ആര്‍ ടികള്‍ നിലവില്‍ റീം മാളിനെയും മറീന മാളിനെയും ബന്ധിപ്പിക്കുന്നു.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റീം മാളില്‍ നിന്നുള്ള ആദ്യ ട്രിപ്പ് രാവിലെ 10 ന് ആരംഭിക്കും. അവസാനത്തേത് ഉച്ചക്ക് രണ്ടിനും. മറീന മാളില്‍ നിന്നുള്ള സര്‍വീസ് രാവിലെ 11 നും, അവസാന ട്രിപ്പ് മൂന്നിനുമാണ്. ഗൂഗിള്‍ മാപ്സിലൂടെയും ഔദ്യോഗിക ആപ്പ് ഡര്‍ബിയിലൂടെയും തത്സമയ സമയങ്ങള്‍ ട്രാക്ക് ചെയ്യാനാകും.
യാത്രക്കാര്‍ക്ക് സര്‍വീസ്, സമയം, പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും പുതിയ വിവരങ്ങളും അറിയാന്‍ എ ആര്‍ ടി കളിലും ചില ബസ് സ്റ്റോപ്പുകളിലും പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.