Connect with us

International

വിമത സൈന്യം സിറിയ പിടിച്ചെടുത്തു; ബശാര്‍ അല്‍ അസദ് പലായനം ചെയ്തു

ഞായറാഴ്ച, ബശാര്‍ അല്‍ അസദ് ദമാസ്‌കസില്‍ നിന്ന് ഒരു അജ്ഞാത ലക്ഷ്യസ്ഥാനത്തേക്ക് പറന്നതായി രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു

Published

|

Last Updated

സിറിയയില്‍ അസദ് കുടുംബ ഭരണത്തിന് അന്ത്യമായി.പ്രസിഡന്റ് ബശാര്‍ അല്‍ അസദ് പലായനം ചെയ്തുവെന്ന് സുഹൃദ് രാജ്യമായ റഷ്യ അറിയിച്ചു.വിമതസേനയായ ഹയാത്ത് തഹ്രീര്‍ അല്‍ ശംസ് ദമാസ്‌കസ് പിടിച്ചെടുത്തു.2011 ല്‍ അറബ് വസന്ത കാലത്ത് ഐ എസ് എസ് ആരംഭിച്ച നീക്കങ്ങള്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ശക്തിപ്പെടുകയായിരുന്നു.അലപ്പോ അടക്കം പല നഗരങ്ങളും വിമതസേനയുടെ നിയന്ത്രണത്തിലായി.1970 ല്‍ ,ബശാര്‍ അല്‍ അസദിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് തുടങ്ങി വെച്ച കുടുംബ ഭരണമാണ് നിലംപതിച്ചത്.

സിറിയയില്‍ തീവ്രവാദവും ഭീകരവാദവും ആശങ്കയായി തുടരുന്നുവെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ബഹ്റൈനില്‍ മനാമ സെക്യൂരിറ്റി ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണ പരാജയമാണ് ബശാര്‍ അല്‍ അസദിന്റെ പതനത്തിന് കാരണം. യുഎഇ ഉള്‍പ്പെടെ വിവിധ അറബ് രാജ്യങ്ങള്‍ അഭയം വാഗ്ദാനം ചെയ്തിരുന്നു. രണ്ടാഴ്ചയായിട്ടും അത് ഉപയോഗിച്ചില്ല-ഗര്‍ഗാശ് ചൂണ്ടിക്കാട്ടി. നാല് പ്രധാന നഗരങ്ങള്‍ വിമതര്‍ പിടിച്ചടക്കിയപ്പോഴും ബശാര്‍ സിറിയ വിട്ടില്ല.ഒടുവില്‍, വിമത സൈന്യം ദമാസ്‌കസില്‍ പ്രവേശിച്ചപ്പോള്‍ വൈകിപ്പോയിരുന്നു. ഞായറാഴ്ച, ബശാര്‍ അല്‍ അസദ് ദമാസ്‌കസില്‍ നിന്ന് ഒരു അജ്ഞാത ലക്ഷ്യസ്ഥാനത്തേക്ക് പറന്നതായി രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. വിദേശത്തുള്ള സിറിയയുടെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പിന്റെ തലവന്‍ ഹാദി അല്‍ ബഹ്റ സ്ഥിരീകരിച്ചു.

2000ല്‍ ഹാഫിസ് നിര്യാതനായപ്പോഴാണ് മകന്‍ ബശാര്‍ ഭരണം ഏറ്റെടുത്തത്.2010 ല്‍ പൊടുന്നനെ ഐ എസ് സജീവമായി.ഇവരുടെ പക്കല്‍ ധാരാളം ആയുധങ്ങള്‍ എത്തിപ്പെട്ടു.അധികവും അമേരിക്കന്‍ നിര്‍മിതമായിരുന്നു.സിറിയയെ സംരക്ഷിക്കാന്‍ റഷ്യ രംഗത്തെത്തി.കനത്ത പോരാട്ടം നടന്നു.വിമതര്‍ ഏറെക്കുറെ പിന്‍മാറി. പക്ഷേ അടങ്ങിയിരുന്നില്ല.ഇതിനിടയില്‍ ഇറാഖിലും ഐ എസ് ആക്രമണം നടത്തി. സിറിയയും ഇറാഖും ചേര്‍ത്ത് ഖിലാഫത്ത് രാജ്യം ആയിരുന്നു ലക്ഷ്യം. ശിയാക്കളോട് യാതൊരു കാരുണ്യവുമില്ലായിരുന്നു . കുര്‍ദിസ്ഥാന്‍, ഇറാഖില്‍ നിന്ന് വേര്‍പിരിഞ്ഞു. സദ്ദാം ഹുസൈന്റെ ജന്മ നഗരമായ തിക്രിത്ത് ഐ എസ് പിടിച്ചെടുത്തു. അമേരിക്കന്‍ അധിനിവേശത്തിനു ശേഷം കുര്‍ദ് മേഖല കേന്ദ്രീകരിച്ചാണ് എണ്ണക്കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. കുര്‍ദുകള്‍ക്കു വേണ്ടി, പെഷ്മാര്‍ഗികള്‍ എന്ന സൈന്യം രൂപവത്കരിക്കപ്പെട്ടു. ഇവര്‍, സുന്നികളുടെയും ശിയാക്കളുടെയും സ്ഥലങ്ങള്‍ കൈയേറി. അമേരിക്കന്‍ സൈന്യത്തിന്റെ സഹായം പെഷ്മാര്‍ഗികള്‍ക്ക് ലഭ്യമായിരുന്നു. സുന്നികള്‍ക്കു പ്രത്യേക രാജ്യം വരുന്നത് ശിയാക്കളെ ഭീതിപ്പെടുത്തി.അവര്‍ ബശാര്‍ അല്‍ അസദിന്റെ പിന്നില്‍ അണി നിരന്നു. ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടു. പല പ്രവിശ്യകളിലും ശിയാക്കളും സുന്നികളും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. അവര്‍ പരസ്പരം പോരടിച്ചു. വിമത സൈന്യം അധികാരമുറപ്പിച്ചാലും ചോരച്ചാല്‍ ഒഴുകിക്കൊണ്ടിരിക്കും. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം മധ്യ പൗരസ്ത്യ ദേശ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടത്തിയ ബ്രിട്ടനും ഫ്രാന്‍സിനും വലിയ തെറ്റുപറ്റിയെന്നാണ് പുതിയ കണ്ടെത്തല്‍. ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക സവിശേഷതകള്‍ കണക്കിലെടുക്കാതെയായിരുന്നു വിഭജനം. അതിനെ അമേരിക്കയും സഖ്യകക്ഷികളും മുതലെടുക്കുകയാണ്.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest