Connect with us

Kerala

ചേലക്കരയിലും വിമതന്‍; കെ പി സി സി മുന്‍ സെക്രട്ടറി എന്‍ കെ സുധീര്‍ മത്സരത്തിന്

പാലക്കാട്ടിനു പിന്നാലെ ചേലക്കരയിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

Published

|

Last Updated

തൃശൂര്‍ | സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പു പോരിനിറങ്ങിയ കോണ്‍ഗ്രസ്സിന് പാലക്കാടിനു പിന്നാലെ ചേലക്കരയിലും കനത്ത തിരിച്ചടി.

ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍ രംഗത്തുവന്നു. സുധീറുമായി ചര്‍ച്ച നടത്തിയ പി വി അന്‍വര്‍ എം എല്‍ എ തന്റെ നേതൃത്വത്തിലുള്ള ഡി എം കെയുടെ പിന്തുണ സുധീറിന് ഉറപ്പു നല്‍കി. സരിന്‍ ഇടതുപക്ഷത്തേക്കു നീങ്ങുന്നതിനു തടയിടാന്‍ ശ്രമിച്ച പി വി അന്‍വര്‍ ആ ശ്രമം പരാജയപ്പെട്ടതോടെ സുധീറിന്റെ നീക്കം മണത്തറിഞ്ഞ് രംഗത്തിറങ്ങുകയായിരുന്നു. വ്യാഴം രാവിലെ ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് വിവിരം.

ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടന്‍ രമ്യയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് സുധീര്‍ അന്‍വറുമായി സഹകരിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയാണെന്നാണ് സുധീറിന്റെ ആരോപണം. നാളെ കോണ്‍ഗ്രസിന്റെ എല്ലാ പദവികളും ഒഴിയുമെന്നും പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ സുധീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പി സരിന്‍ ഇടത് പിന്തുണയോടെ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചേലക്കരയിലും വിമതന്‍ പ്രത്യക്ഷപ്പെട്ടത്.

 

Latest