International
സിറിയ പിടിച്ചടക്കിയെന്ന് വിമതര്‍; അധികാരം കൈമാറാൻ തയാറെന്ന് പ്രധാനമന്ത്രി
സ്വന്തം വീട്ടില്‍ ഉണ്ടെന്നും എവിടേക്കും രക്ഷപ്പെട്ടില്ലെന്നും അല്‍ ജലാലി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ദമാസ്‌കസ് | വിമതര്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി. ആഭ്യന്തര യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്, പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി ഉള്‍പ്പെടെ രാജ്യം വിട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് അല്‍ ജലാലി.സ്വന്തം വീട്ടില്‍ ഉണ്ടെന്നും എവിടേക്കും രക്ഷപ്പെട്ടില്ലെന്നും
അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
അധികാര കൈമാറ്റത്തില്‍ സഹകരിക്കാന്‍ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതോടെ ഔദ്യോഗിക കൈമാറ്റം വരെ രാജ്യത്തെ സ്ഥാപനങ്ങള്‍ പ്രധാനമന്ത്രിയുടെ അധികാര പരിധിയില്‍ തന്നെയുണ്ടാകുമെന്ന് വിമത നേതാവ് പറഞ്ഞു. വിമതസേന തലസ്ഥാനത്തു പ്രവേശിച്ച ഉടന്‍ ബാഷര്‍ അല്‍ അസദ് വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പോയതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. തലസ്ഥാനമായ ദമാസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബാഷര്‍ അല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.