International
സിറിയൻ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതര്‍; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം
പ്രസിഡന്റ് രാജ്യത്ത് തന്നെയുണ്ടെന്ന് സര്‍ക്കാര്‍
ദമാസ്‌കസ് | ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം.മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. ദമാസ്‌കസില്‍നിന്ന് തങ്ങളിപ്പോള്‍ 50 കിലോമീറ്റര്‍ മാത്രം അകലെയാണെന്നാണ് വിമതര്‍ ഇന്നലെ അവകാശപ്പെട്ടത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര് അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും പിടിച്ചെടുത്തു.
ദമാസ്‌കസ് – ജോര്‍ദാന്‍ മുഖ്യ ഹൈവേയിലെ സനാമയിന്‍ പിടിച്ചെടുത്തതും വിമതമുന്നേറ്റത്തിനു ബലമേകിയിട്ടുണ്ട്. സുപ്രധാന വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാല്‍ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം
ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിറിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ മടങ്ങണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്നലെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു സിറിയ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.