വോട്ട് ഷൂട്ട്
സൈക്കിൾ കോട്ട തിരിച്ചുപിടിക്കുക ദൗത്യം
പ്രവര്‍ത്തക വികാരം കൂടി കണക്കിലെടുത്താണ് അഖിലേഷ് കോട്ട തിരിച്ചുപിടിക്കാന്‍ രംഗത്തിറങ്ങിയത്. ഇതോടെ അഭിമാന പോരാട്ടം നടക്കുന്ന ഭൂമിയായി കനൗജ് മാറി.
1998 മുതല്‍ സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായിരുന്ന ഉത്തര്‍ പ്രദേശിലെ കനൗജ് ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുകയാണ്, സര്‍പ്രൈസ് എന്‍ട്രിയിലൂടെ അഖിലേഷ് യാദവ് ഏറ്റെടുത്ത ദൗത്യം. കഴിഞ്ഞ തവണ ബി ജെ പിയാണ് സൈക്കിള്‍ കോട്ട പൊളിച്ച് ഇരിപ്പുറപ്പിച്ചത്. 12,000 വോട്ടിനായിരുന്നു ബി ജെ പിയുടെ സുബ്രത് പഥകിന്റെ വിജയം. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
പ്രവര്‍ത്തക വികാരം
അഖിലേഷ് ഇവിടെ മത്സരിക്കുമെന്ന് ആഴ്ചകളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തീര്‍ച്ചയില്ലായിരുന്നു. ഇതിനിടക്ക് അനന്തരവനും ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകനുമായ തേജ് പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അഖിലേഷ് വരില്ലെന്ന് പ്രവര്‍ത്തകര്‍ ഉറപ്പിച്ചു. ഇത് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. പ്രവര്‍ത്തക വികാരം കൂടി കണക്കിലെടുത്താണ് അഖിലേഷ് കോട്ട തിരിച്ചുപിടിക്കാന്‍ രംഗത്തിറങ്ങിയത്. ഇതോടെ അഭിമാന പോരാട്ടം നടക്കുന്ന ഭൂമിയായി കനൗജ് മാറി.
ലോക്സഭയില്‍ സ്വന്തമായി 370 സീറ്റ് നേടുകയെന്ന ബി ജെ പിയുടെ ആഗ്രഹത്തിനും അട്ടിമറി നടത്താനുള്ള ഇന്ത്യ മുന്നണിയുടെ പരിശ്രമത്തിനും ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശ് കനിയേണ്ടതുണ്ട്. 80 എം പിമാരാണ് യു പിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വണ്ടി കയറുക. കഴിഞ്ഞ പ്രാവശ്യം സംസ്ഥാനത്തെ 62 മണ്ഡലങ്ങളിലാണ് ബി ജെ പി ജയിച്ചത്. അന്ന് എസ് പിയും ബി എസ് പിയും സഖ്യത്തിലായിരുന്നു. ഇന്ന് കോണ്‍ഗ്രസ്സുമായാണ് എസ് പിയുടെ ചങ്ങാത്തം. കോണ്‍ഗ്രസ്സ് 17 സീറ്റുകളിലും എസ് പി 63 എണ്ണത്തിലും മത്സരിക്കും.
യാദവ കുടുംബം
എസ് പി മേധാവി അന്തരിച്ച മുലായം സിംഗ് യാദവ് വിജയിച്ച കനൗജില്‍ 2000 മുതല്‍ 2012 വരെ മൂന്ന് തവണ അഖിലേഷ് എം പിയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായതോടെ ഭാര്യ ഡിംപിള്‍ യാദവ് ഉപതിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിച്ചു. 2014ല്‍ അവര്‍ വിജയം തുടര്‍ന്നെങ്കിലും 2019ല്‍ നിലതെറ്റി. ബി ജെ പിയെ കടന്നാക്രമിച്ചാണ് അഖിലേഷിന്റെ പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴും അദ്ദേഹം അത് തുടര്‍ന്നു. ബി ജെ പിയുടെ നെഗറ്റീവ് രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കനൗജിന്റെ അസ്തിത്വമായ സുഗന്ധം വീണ്ടും പരക്കും. എന്തേ ഇത്ര വൈകിയെന്ന ചോദ്യത്തിന്, ഇരുമ്പ് ചൂടായിരിക്കുമ്പോഴാണ് അടിക്കേണ്ടതെന്ന പഴഞ്ചൊല്ലായിരുന്നു മറുപടി.
ഇന്ത്യ- പാക് മത്സരം
അഖിലേഷ് വന്നതോടെ ഇന്ത്യ- പാക് മത്സരത്തോടാണ് ബി ജെ പി സ്ഥാനാര്‍ഥി സുബ്രത് പഥക് തിരഞ്ഞെടുപ്പിനെ വിശേഷിപ്പക്കുന്നത്. ആ മത്സരം ഏവര്‍ക്കും താത്പര്യമാണ്. ഏതാനും വര്‍ഷം മുമ്പ് ബി ജെ പിയില്‍ ചേര്‍ന്ന യാദവ കുടുംബത്തിലെ മരുമകള്‍ അപര്‍ണയുടെ അഭിപ്രായത്തില്‍ കനൗജില്‍ എസ് പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. നാലാം ഘട്ടത്തില്‍ അടുത്ത 13നാണ് ഇവിടെ വോട്ടെടുപ്പ്.