Kerala
സജി ചെറിയാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കത്ത് കിട്ടി; വിശദ പരിശോധനക്കു ശേഷം തീരുമാനം: ഗവര്‍ണര്‍
രാജിവെക്കാനുണ്ടായ സാഹചര്യം മാറിയോയെന്ന് പരിശോധിക്കും.

തിരുവനന്തപുരം | സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ വിശദമായ പരിശോധനക്കു ശേഷം തീരുമാനമെടുക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തുടര്‍ നടപടി.
സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കാനുള്ള നീക്കം അസാധാരണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജിവെക്കാനുണ്ടായ സാഹചര്യം മാറിയോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാ ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനുമാണ് സജി ചെറിയാന്‍ രാജിവെച്ചത്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കും. എന്നാല്‍, ഇതൊരു സാധാരണ സാഹചര്യമല്ല. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.