Connect with us

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്വീകരണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്

പാര്‍ട്ടിയിലേക്കെത്തിയ കുമ്പഴ സ്വദേശി സുധീഷ് എസ് എഫ് ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മന്ത്രിയും സി പി എം ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് രക്തഹാരം അണിയിച്ചതിനു പിന്നാലെ തുടങ്ങിയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കാപ്പാ കേസ് പ്രതിക്കൊപ്പം പാര്‍ട്ടിയിലേക്കെത്തിയ കുമ്പഴ സ്വദേശി സുധീഷ് എസ് എഫ് ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ വ്യക്തിക്കെതിരെ വേറെയും ക്രിമിനല്‍ കേസുകളുണ്ട്.

2021 ഏപ്രില്‍ നാലിന് വീണാ ജോര്‍ജിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് സുധീഷ്. വടിവാളും കമ്പിവടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ് ഐ ആര്‍. ബി ജെ പി വിട്ട് സി പി എമ്മിലേക്ക് എത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്ത് ആയെന്ന് മന്ത്രി ആവര്‍ത്തിച്ച് വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, എം എല്‍ എമാര്‍ക്കെതിരായ കേസുകളോട് താരതമ്യം ചെയ്തും ഇതിനെ ന്യായീകരിക്കുകയാണ് മന്ത്രി.

അതേസമയം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാന്‍ പോയ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സിനു പിന്നാലെ കോണ്‍ഗ്രസ്സും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കൊടും കുറ്റവാളികളെ സംരക്ഷിക്കുന്ന മന്ത്രി വീണ ജോര്‍ജ് ഭരണഘടനാ ലംഘനം നടത്തി: കോണ്‍ഗ്രസ്സ്
കൊലപാതകം, കാപ്പ, കഞ്ചാവ് കേസുകളില്‍ പ്രതികളായ കൊടും കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കുകയും അവരോടൊപ്പം വേദി പങ്കിടുകയും ചെയ്ത മന്ത്രി ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതായും അതുകൊണ്ടുതന്നെ എത്രയും വേഗം സ്ഥാനം രാജിവെക്കണമെന്നും ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. വീണ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വനിതകളെ ആക്രമിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് കാപ്പാ കേസില്‍ പ്രതിയായി ജയില്‍വാസം അനുഭവിക്കുകയും, കാപ്പ നിയമം ലംഘിച്ചതിന് വീണ്ടും കേസില്‍ പ്രതിയാവുകയും ചെയ്ത ബി ജെ പി അനുഭാവിയെയും കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മറ്റു കൂട്ടാളികളെയും മുദ്രാവാക്യം വിളിച്ച് ഹാരമണിയിച്ച് സ്വീകരിച്ച ശിശുക്ഷേമ സമിതി വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്.

ഭരണഘടനയും നിയമങ്ങളും പാലിക്കുമെന്നും പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുമെന്നും ഭരണഘടന തൊട്ട് സത്യം ചെയ്തു മന്ത്രിയായ വീണ ജോര്‍ജ് ജില്ലയിലൊട്ടാകെ ക്രിമിനല്‍, മണ്ണ്, മണല്‍, ക്വാറി, മയക്കുമരുന്ന് മാഫിയകള്‍ക്ക് സംരക്ഷണവും സഹായവും നല്‍കുന്നത് ഗുരുതരമായ തെറ്റും കൃത്യവിലോപവും ആണെന്ന് ഡി സി സി പ്രസിഡന്റ് കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജി ഉടന്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഡി സി സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ഡി സി സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഷംസുദ്ദീന്‍, കെ പി സി സി അംഗം മാത്യു കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, ഡി സി സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജി രഘുനാഥ്, ഡി എന്‍ തൃദീപ്, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുല്‍സലാം, ഏഴംകുളം അജു, കോശി പി സക്കറിയ, സിന്ധു അനില്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ ജെറി മാത്യു സാം, ആര്‍ ദേവകുമാര്‍, ദീനാമ്മ റോയ്, പി കെ മോഹന്‍രാജ്, കെ ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, പത്തനംതിട്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ്, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരായ വിജയ് ഇന്ദുചൂഡന്‍, ശ്യാം എസ് കോന്നി, എ കെ ലാലു, നഹാസ് പത്തനംതിട്ട, ഷാനവാസ് പെരിങ്ങമല, സലിം പെരുനാട് പ്രസംഗിച്ചു.

 

 

 

Latest