Uae
അശ്രദ്ധമായി വാഹനമോടിക്കൽ; 19 വാഹനങ്ങൾ പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം രാത്രി എമിറേറ്റിലെ ഒരു പ്രദേശത്ത് ഡ്രൈവര്‍മാര്‍ അങ്ങേയറ്റം അശ്രദ്ധ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്.

ഷാര്‍ജ | ഷാര്‍ജ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് അടുത്തിടെ നടത്തിയ ഒരു ഓപ്പറേഷനില്‍ പൊതു റോഡുകളില്‍ അപകടകരമായ അഭ്യാസങ്ങള്‍ നടത്തിയ ഡ്രൈവര്‍മാരെ പിടികൂടുകയും 19 വാഹനങ്ങളും ഒരു മോട്ടോര്‍ സൈക്കിളും പിടിച്ചെടുക്കുകയും ചെയ്തു.
സ്വന്തം ജീവന്‍ അപകടത്തിലാക്കുകയും റോഡുകളില്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന അശ്രദ്ധമായ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടികള്‍ എടുത്തതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലി അല്‍ നഖ്ബി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി എമിറേറ്റിലെ ഒരു പ്രദേശത്ത് ഡ്രൈവര്‍മാര്‍ അങ്ങേയറ്റം അശ്രദ്ധ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്. ലൈസന്‍സ് പ്ലേറ്റുകള്‍ ഇല്ലാതെ വാഹനമോടിക്കുക, വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റുകള്‍ മറക്കുക, ശബ്ദമലിനീകരണം ഉണ്ടാക്കുക എന്നിവയുള്‍പ്പെടെ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഇത്തരം അപകടകരമായ പ്രവൃത്തികള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുറ്റവാളികള്‍ക്ക് 3,000 ദിര്‍ഹം വരെ പിഴ ചുമത്താം. 23 ട്രാഫിക് പോയിന്റുകള്‍, 90 ദിവസം വരെ അവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടല്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടെടുക്കുന്നതിന് 20,000 ദിര്‍ഹം വരെ ഫീസ് എന്നിവയും ഈടാക്കും.