Uae
യു എ ഇക്ക് പുറത്തെ ബിരുദങ്ങളുടെ അംഗീകാരം; നിയമങ്ങൾ വ്യക്തമാക്കി മന്ത്രാലയം
തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അംഗീകാര അഭ്യര്‍ഥനകളോ പരിശീലന കോഴ്‌സുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളോ യോഗ്യതാ അംഗീകാര സമിതി പരിഗണിക്കില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ദുബൈ | രാജ്യത്തിന് പുറത്ത് നല്‍കുന്ന യൂണിവേഴ്‌സിറ്റി, ഓപ്പണ്‍ എജ്യുക്കേഷന്‍, ഇ-ലേണിംഗ്, കറസ്‌പോണ്ടന്‍സ് വിദ്യാഭ്യാസ ബിരുദങ്ങള്‍ അഫിലിയേഷന്‍ സംവിധാനത്തിലൂടെയും നിര്‍ദിഷ്ട ചട്ടങ്ങള്‍ക്കനുസൃതമായും അംഗീകരിക്കുന്നതായി ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രസ്താവിച്ചു.
യോഗ്യതകള്‍ പരിശോധിക്കുന്നതിന് വിദേശത്ത് അംഗീകൃത രണ്ട് വിശ്വസ്ത പങ്കാളികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.യു എ ഇക്ക് പുറത്ത് നല്‍കുന്ന സര്‍വകലാശാലാ യോഗ്യതകളുടെ അംഗീകാരത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ എല്ലാ പഠന രീതികളും പരിഗണിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.എന്നാല്‍ പഠന രാജ്യത്തെ അക്കാദമിക് അക്രഡിറ്റേഷന്‍ ഏജന്‍സികളുടെ അംഗീകാരം വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ വിദ്യാര്‍ഥി അവിടെ സര്‍വകലാശാല അംഗീകരിച്ച പഠന രീതി പാലിക്കണം.തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അംഗീകാര അഭ്യര്‍ഥനകളോ പരിശീലന കോഴ്‌സുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളോ യോഗ്യതാ അംഗീകാര സമിതി പരിഗണിക്കില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ഡാറ്റാഫ്‌ലോയും ക്വാഡ്രാബേയും യോഗ്യതകള്‍ പരിശോധിക്കുന്നതിന് രണ്ട് ബാഹ്യ അംഗീകൃത ഏജന്‍സികളാണെന്നും അവ വിശ്വസനീയ പങ്കാളികളാണെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു. യോഗ്യതാ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ഈ രണ്ട് ഏജന്‍സികളില്‍ ഒന്നിലൂടെ അപേക്ഷിക്കുന്നത് നിര്‍ബന്ധമാണ്.രണ്ട് പങ്കാളികളും സ്ഥിരീകരണ രേഖ നല്‍കുകയും എംബസി അവ സാക്ഷ്യപ്പെടുത്തുകയും ചെയ്യും.യു എ ഇക്ക് പുറത്ത് നല്‍കുന്ന യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള സേവനം 100 ശതമാനം ഇലക്ട്രോണിക് രീതിയിലാണെന്നും സേവനം നല്‍കുന്നതിന് പ്രത്യേക സമയമില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.