NIPAH
അതിവേഗം തിരിച്ചറിഞ്ഞു; ഇനി പ്രധാനം ജാഗ്രത
നിപ്പാ വൈറസിന്റെ വ്യാപന തോത് കുറവാണ്. ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാപനത്തിനപ്പുറം ഒരാളിലേക്ക് പോലും കടക്കാതെ നമുക്ക് നിപ്പായെ തുരത്താന്‍ കഴിയും. ജാഗ്രത ഒട്ടും കൈമോശം വരാതെ നമുക്ക് ശ്രദ്ധിക്കാം.
ഇന്ത്യന് കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ 16 സ്ഥലങ്ങളിലായി നടത്തിയ ആന്റിബോഡി സര്‍വേയില്‍ വവ്വാല്‍ കൂട്ടങ്ങളില്‍ വ്യാപകമായി നിപ്പാ വൈറസ് സാന്നിധ്യം ഉണ്ടെന്ന സര്‍വേ ഫലം പുറത്തുവന്നത് അടുത്തിടെയാണ്. കേരളത്തിനു പുറമെ കര്‍ണാടക, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ആശങ്ക കൂടുതലെന്നുമാണ് സര്‍വേ ചൂണ്ടിക്കാണിച്ചത്.
കേരളത്തില്‍ 2018ലാണ് കോഴിക്കോട് നിപ്പായുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. അതിനുശേഷം 2019ല്‍ കൊച്ചിയിലും നിപ്പാ സ്ഥിരീകരിച്ചിരുന്നു. ഇപ്രാവശ്യത്തെയുള്‍പ്പെടെ മൂന്ന് തവണ കോഴിക്കോട് നിപ്പാ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യക്ക് പുറത്തും നിപ്പാ വൈറസിനെ പലതവണ കണ്ടെത്തിയിട്ടുണ്ട്. 1998ല്‍ മലേഷ്യയിലും സിംഗപ്പൂരിലും നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2001 മുതല്‍ 2023 വരെ ഒമ്പത് തവണ ബംഗ്ലാദേശിലും ഇതിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
2018ന്റെ തുടര്‍ച്ചയോ?
നിപ്പായെ പ്രതിരോധിച്ചെന്ന് നാം അഭിമാനത്തോടെ പറയുമ്പോഴും നൂറ് ശതമാനവും നിപ്പായെ പടികടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. വവ്വാലുകളില്‍ വൈറസുകള്‍ കൂടുതല്‍ കാലം തുടരാനുള്ള സാധ്യതയുണ്ട്. ഒരിക്കല്‍ പൂര്‍ണമായും ഇല്ലാതായാല്‍ വീണ്ടും വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായത് കണക്കാക്കുമ്പോള്‍ 2018 മുതല്‍ നിപ്പായുടെ സാന്നിധ്യം വവ്വാലുകളില്‍ നിലനിന്നിരുന്നു എന്നുതന്നെയുള്ള വിവരങ്ങളാണ് ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്നത്.
പിന്നില്‍ വവ്വാലുകളോ?
പൊതുവെ കേരളം ജന്തുജന്യ രോഗങ്ങളുടെ (Zoonotic Diseases) കേന്ദ്രങ്ങളാണെന്ന് ചില റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തില്‍ ജന്തുക്കള്‍ക്ക് സുഖമായി ജീവിക്കാനുള്ള അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. നിപ്പാ വൈറസുകളുടെ വാഹകരായി വവ്വാലുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. 2018ല്‍ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലെ 30 ശതമാനം വരെ പഴംതീനി വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തൊട്ടടുത്ത വര്‍ഷം നിപ്പാ രോഗബാധ സ്ഥിരീകരിച്ച വ്യക്തി താമസിച്ചിരുന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന വവ്വാലുകളില്‍ വൈറസ് കണ്ടെത്തുകയുണ്ടായി. കൂടാതെ 20 ശതമാനം വവ്വാലുകളില്‍ വൈറസിനെതിരായ ആന്റിബോഡികളും കണ്ടെത്തിയിട്ടുണ്ട്.
മികച്ച ഡോക്ടര്‍മാര്‍, അനുഭവങ്ങള്‍
അപ്രതീക്ഷിതമായിരുന്നു ഇത്തവണ നിപ്പായുടെ സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയെങ്കിലും കാരണം നിപ്പാ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നിരുന്നാലും ചില ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതനുസരിച്ചാണ് നിപ്പായുടെ പരിശോധനയുമായി മുന്നോട്ടുപോയത്. അതില്‍ കോഴിക്കോട് മുമ്പ് നിപ്പായെ സധൈര്യം, സസൂക്ഷ്മം പ്രതിരോധിച്ച ഡോക്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ആ ജാഗ്രതയും കരുതലുമാണ് തുടക്കത്തില്‍ തന്നെ നിപ്പായെ തിരിച്ചറിയാനും പിടിച്ചുകെട്ടാനും നമുക്ക് കഴിഞ്ഞത്. പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാന്‍ ഈയവസരത്തില്‍ കഴിയില്ലെങ്കിലും നാം സജ്ജരാണെന്നുള്ള ആരോഗ്യ മന്ത്രിയുടെ വാക്കുകളെ വിശ്വസിക്കുക തന്നെ ചെയ്യാം.
രോഗലക്ഷണങ്ങളുമായി മിംസ് ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടികള്‍ക്ക് അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് അതെന്താണെന്ന പ്രാഥമിക അന്വേഷണത്തിലേക്ക് നീണ്ടത്. രണ്ടാഴ്ച മുമ്പ് അവരുടെ വീട്ടില്‍ ഒരാള്‍ മരിച്ചിരുന്നെന്നും അസ്വാഭാവികമായ പ്രതികരണങ്ങള്‍ ആ രോഗിയില്‍ നിന്ന് ഉണ്ടായെന്നുമുള്ള അറിവാണ് നിപ്പായിലേക്കുള്ള സംശയത്തിന്റെ നിദാനം. ക്ലസ്റ്റര്‍ തിരിച്ചറിഞ്ഞ് പരിശോധിച്ചപ്പോഴാണ് സമാന ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും നിപ്പായുടെ സാമ്പിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുന്നതും, ഇപ്പോള്‍ സ്ഥിരീകരിക്കുന്നതും.
ഇനി വേണ്ടത്?
നാം കൃത്യമായ സമയത്തുതന്നെ നിപ്പായെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ കോഴിക്കോട് മരിച്ച രോഗിക്ക് ന്യുമോണിയ ആയിരുന്നെങ്കിലും പ്രധാനമായും തലവേദന, ഛര്‍ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാഥമികമായി നിപ്പാ ബാധിച്ചയാള്‍ കാണിക്കുന്നത്. നമ്മുടെ നാട്ടില്‍, വിശിഷ്യാ കുട്ടികളില്‍ അലര്‍ജിയുമായി ബന്ധപ്പെട്ടും കാലാവസ്ഥയിലെ മാറ്റങ്ങള്‍ മൂലവും പനി സര്‍വ സാധാരണമായിട്ടുണ്ട്. മഴക്കാലം മാറിമാറി വരുമ്പോഴൊക്കെ ഇന്‍ഫ്‌ളുന്‍സ, എലിപ്പനി, ഡെങ്കിപ്പനി എന്നിവ തുടര്‍ക്കഥയാണ്. ഇത്തരക്കാരില്‍ നിപ്പായുടെ സാന്നിധ്യം ഉടന്‍ തിരിച്ചറിയാന്‍ കഴിയുകയില്ല.
ഇക്കാര്യങ്ങള്‍ മനസ്സിലാക്കി കൊവിഡ് കാലത്ത് നാം കാത്തുസൂക്ഷിച്ച ജാഗ്രതാ മനോഭാവം അത്യന്തം ഭംഗിയായി നിറവേറ്റേണ്ടതുണ്ട്. സാമൂഹിക അകലം ഒരു ശീലമാക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയെ ഒരിക്കല്‍ കൂടി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയെ സമീപിക്കണം. കഴിവതും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. നമ്മുടെ വൈദ്യരംഗത്തിന്റെ പരിമിതികള്‍ മനസ്സില്‍വെച്ചുകൊണ്ടുതന്നെ ഏറ്റവും ജാഗ്രത തന്നെ നാം പുലര്‍ത്തേണ്ടിവരും.
2018ല്‍ നാം നിപ്പായെ സംബന്ധിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പോലും പിന്നാക്കമായിരുന്നു. എന്നിട്ടും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. അധികം വ്യാപന ശേഷിയുള്ള വൈറസ് അല്ലാത്തതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ നാം അന്ന് നിപ്പായെ തളച്ചു. എന്നാല്‍ എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. ഇപ്പോള്‍ വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഏതാനും ആഴ്ചകള്‍ കഴിഞ്ഞാകും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. രോഗാണുവാഹകരായ വവ്വാലുകളുമായി സമ്പര്‍ക്കമുണ്ടായാല്‍ നാല് മുതല്‍ പതിനാല് ദിവസം വരെയാണ് ഈ വൈറസുകളുടെ ഇന്‍ക്യൂബേഷന്‍ സമയം. അതായത് നാല് ദിവസത്തിനു ശേഷം പതിനാല് ദിവസങ്ങള്‍ വരെ ഏത് സമയം വേണമെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. അതിനാല്‍ ഇപ്പോള്‍ രോഗികള്‍ കുറവാണെന്നത് നല്ല സൂചന ആണെങ്കിലും, എത്ര പേരില്‍ ഇവ വ്യാപിച്ചു എന്നറിയാന്‍ സമയമെടുക്കും. അത്യന്തം ജാഗ്രത പുലര്‍ത്തണം എന്നര്‍ഥം.
മരണനിരക്കിലെ ഭീതി
നിപ്പായുടെ മരണനിരക്ക് തന്നെയാണ് ഇതിനെ ഭീതിജനകമാക്കുന്നത്. അസുഖം വന്നവരില്‍ 40 മുതല്‍ 75 ശതമാനം വരെ ആളുകള്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇവയുടെ വ്യാപനനിരക്ക് കൊവിഡിനെ അപേക്ഷിച്ച് കുറവാണ് എന്നതാണ് ഏറെ ആശ്വാസകരം. വവ്വാലുകളുടെ സ്രവങ്ങളില്‍ നിന്നാണ് ഇവ പകരുന്നതെന്ന് പറയപ്പെടുന്നു. വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും ഇവകളില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. തലച്ചോറിന് ചുറ്റുമുള്ള പാളിയില്‍ ഉണ്ടാകുന്ന അണുബാധ കാരണം രോഗി പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും വ്യത്യസ്തമായി പെരുമാറുകയുമൊക്കെ ചെയ്യും. അപസ്മാരം ശക്തമായ പനി ഇതിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ഇത്തവണ കണ്ടെത്തിയിരിക്കുന്ന നിപ്പാ രോഗികളില്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ന്യുമോണിയയുമാണ് പ്രധാനമായും സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവങ്ങള്‍ ആര്‍ ടി പി സി ആര്‍ (RTPCR) വഴിയോ അല്ലെങ്കില്‍ എലിസ (ELISA) ടെസ്റ്റ് വഴിയോ നിപ്പായുടെ സാന്നിധ്യം ഉറപ്പിക്കാം.
ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
വവ്വാലുകള്‍ കടിക്കാന്‍ സാധ്യതയുള്ള പഴങ്ങള്‍ കഴിവതും ഒഴിവാക്കുക. മറ്റു പഴങ്ങള്‍ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം കഴിക്കുക. വിനാഗിരിയില്‍ പത്ത് മിനുട്ട് മുക്കിവെച്ച ശേഷം ടാപ്പ് വെള്ളത്തില്‍ കഴുകുന്നത് ഒട്ടുമിക്ക വൈറസുകളെയും നശിപ്പിക്കാന്‍ സഹായിക്കും. രോഗമുണ്ടെന്ന് സംശയിക്കുന്നവരുമായി ഇടപഴകുമ്പോഴും ശ്രദ്ധ ആവശ്യമാണ്. അവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈയുറ ഉപയോഗിച്ച് മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളൂ. എന്‍-95 മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.
ആരോഗ്യ രംഗത്ത് പുകള്‍പെറ്റ നാടാണ് നമ്മുടേത്. ഒരു രോഗി ചികിത്സ തേടി വന്ന് 36 മണിക്കൂര്‍ കൊണ്ട് നിപ്പാ പോലെ പുതുതായ ഒരു രോഗത്തെ തിരിച്ചറിയുകയും അതിനെതിരെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനാണ് ലോകാരോഗ്യ സംഘടന വരെ കേരളത്തെ അഭിനന്ദിച്ചത്. ഇത്തവണയാകട്ടെ അതിന്റെ ആറിലൊന്ന് സമയം കൊണ്ട് നാം നിപ്പായെ തിരിച്ചറിഞ്ഞു. ഈ അഭിമാനകരമായ നേട്ടം നാം ആവര്‍ത്തിച്ചേ മതിയാകൂ. മുമ്പ് സൂചിപ്പിച്ചതു പോലെ നിപ്പാ വൈറസിന്റെ വ്യാപന തോത് കുറവാണ്. ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാപനത്തിനപ്പുറം ഒരാളിലേക്ക് പോലും കടക്കാതെ നമുക്ക് നിപ്പായെ തുരത്താന്‍ കഴിയും. ജാഗ്രത ഒട്ടും കൈമോശം വരാതെ നമുക്ക് ശ്രദ്ധിക്കാം.