Connect with us

gulf news

കുവൈത്തില്‍ ക്വാറന്റൈന്‍ കാലയളവു ചുരുക്കാന്‍ മന്ത്രിസഭക്ക് മുമ്പില്‍ ശുപാര്‍ശ

വ്യാഴാഴ്ച സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ക്വാറന്റൈന്‍ കാലയളവ് കുറക്കുവാന്‍ കൊവിഡ് ഉന്നത അവലോകന സമിതി മന്ത്രിസഭക്ക് ശുപാര്‍ശ സമര്‍പ്പിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം കഴിയാത്തവരുമായ രോഗ ബാധിതര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ ആണു സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10 ദിവസമാണു ക്വാറന്റൈന്‍ കാലയളവ്. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്കും ക്വാറന്റൈന്‍ 10 ദിവസമായി ചുരുക്കുവാനും സമിതി ശുപാര്‍ശ ചെയ്തു.

നിലവില്‍ 14 ദിവസമാണു ഇവര്‍ക്ക് ക്വാറന്റൈ കാലയളവ്. രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും 7 ദിവസത്തെ ക്വാറന്റൈന്‍ കാലയളവാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ക്വാറന്റൈന്‍ അവസാനിക്കുന്നതിനു മുമ്പായി ഇവര്‍ പി സി ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തുകയും വേണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ക്വറന്റൈന്‍ കാലയളവ് 14 ദിവസം ആയിരിക്കണമെന്നും ശുപാര്‍ശയില്‍ സൂചിപ്പിക്കുന്നു.