Connect with us

Political crisis in Jharkhand

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ ശിപാര്‍ശ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശയില്‍ ഗവര്‍ണറുടെ നടപടി ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജാര്‍ഖണ്ഡില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വംസൃഷ്ടിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ കേന്ദ്ര തിഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സോറനെ എം എല്‍ എ പദത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള ശിപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി. വിഷയത്തില്‍ ഗവര്‍ണര്‍ ഉടന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ നടപടിക്ക് മുമ്പ് സോറന്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ സോറന്‍ ലംഘിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കുകയായിരുന്നു.

സോറന്റെ ജെ എം എമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാറാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ഇതിനെ അട്ടിമറിക്കാന്‍ ബി ജെ പി കരുനീക്കങ്ങള്‍ ആരംഭിച്ചതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സോറനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് തന്റെ ബന്ധുവിന് സ്ഥാനം നല്‍കി ഭരണം സോറന്‍ നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോടതിയിലും നിയമ പോരാട്ടം നടത്തും.

Latest