Pathanamthitta
കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് കളക്ഷന്‍
2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്
പത്തനംതിട്ട | കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക് .ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച (ഡിസംബര്‍ 23 ) പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു.2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്
ശബരിമല സ്‌പെഷ്യല്‍ സര്‍വിസിനൊപ്പം മറ്റ് സര്‍വിസുകള്‍ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തും കൃത്യമായ പ്ലാനിംഗ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവര്‍ത്തന ചെലവ് പോലും കിട്ടാത്ത നഷ്ട ട്രിപ്പുകള്‍ ഒഴിവാക്കിയും ആണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്. ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ 20 ലക്ഷത്തോളം രൂപ അധികം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായി എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അഡീഷണല്‍ സര്‍വീസുകളും വീക്കെന്‍ഡ് സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാവുകയും കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമാവുകയും ചെയ്തു. തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
ശരിയായ മാനേജ്‌മെന്റും കൃത്യമായ പ്ലാനിംഗും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തില്‍ ഇറക്കിയും ഓഫ് റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ച് തന്നെ അധിക ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തും ശബരിമല സര്‍വിസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കുവാന്‍ കഴിഞ്ഞതും മുഴുവന്‍ ജീവനക്കാരും കൂടുതല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തും ആണ് 9. 22 കോടി രൂപ വരുമാനം നേടുവാന്‍ കഴിഞ്ഞത്.