Business
ജി എസ് ടി പിരിവിൽ റെക്കോർഡ്; ഏപ്രിലിൽ പിരിച്ചത് 1.87 ലക്ഷം കോടി രൂപ
ഈ വർഷം ഏപ്രിലിൽ കഴിഞ്ഞ വർഷത്തേക്കാൾ 12% കൂടുതൽ പിരിവാണ് നേടിയത്.
ന്യൂഡൽഹി | ചരക്ക് സേവന നികുതി പിരിവിൽ പുതിയ ഉയരങ്ങൾ കീഴടക്കി നികുതി വകുപ്പ്. 2023 ഏപ്രിലിൽ സർക്കാർ ജിഎസ്ടിയിൽ നിന്ന് 1.87 ലക്ഷം കോടി രൂപ സമാഹരിച്ചു. നേരത്തെ, കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഏറ്റവും കൂടുതൽ ജിഎസ്ടി പിരിവ് നടത്തിയത്. 1.67 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ നികുതി പിരിവ്. ഈ വർഷം ഏപ്രിലിൽ കഴിഞ്ഞ വർഷത്തേക്കാൾ 12% കൂടുതൽ പിരിവാണ് നേടിയത്.
ഏപ്രിലിലെ മൊത്തം ജിഎസ്ടി വരുമാനത്തിൽ സിജിഎസ്ടി 38,440 കോടി രൂപയും എസ്ജിഎസ്ടി 47,412 കോടി രൂപയും ഐജിഎസ്ടി 89,158 കോടി രൂപയും സെസ് 12,025 കോടി രൂപയുമാണ്. അതേ സമയം, 2023 ഏപ്രിൽ 20-നാണ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നികുതി പിരിവ് നടന്നത്. 9.8 ലക്ഷം ഇടപാടുകളിലൂടെ 68,228 കോടി രൂപയുടെ നികുതി വരുമാനം അന്ന് ലഭിച്ചു.
റെക്കോർഡ് ജിഎസ്ടി ശേഖരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ വലിയ വാർത്തയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കുറഞ്ഞ നികുതി നിരക്ക് ഉണ്ടായിരുന്നിട്ടും നികുതി പിരിവിലെ റെക്കോർഡ് വർദ്ധനവ്, സംയോജനത്തിലും അനുസരണത്തിലും GST എത്രത്തോളം വിജയിച്ചുവെന്ന് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.