National
ദീപാവലി വ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ധന
വ്യാപാരം 1.25 ലക്ഷം കോടി കടന്നതായി കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു.
ന്യൂഡല്‍ഹി| ഇപ്രാവശ്യത്തെ ദീപാവലി വ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്. വ്യാപാരം 1.25 ലക്ഷം കോടി കടന്നതായി കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വ്യാപാരമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
രാജ്യത്താകെ വന്‍തോതിലാണ് വ്യാപാരം നടന്നത്. രണ്ടു വര്‍ഷം വിപണിയിലുണ്ടായ മാന്ദ്യം ഇതോടെ അവസാനിച്ചതായാണ് സംഘടനയുടെ വിലയിരുത്തല്‍. ഇനി വരാനിരിക്കുന്ന വിവാഹ സീസണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ വ്യാപാരികള്‍.
ഈ വര്‍ഷത്തെ ദീപാവലി ഉത്സവത്തില്‍ രാജ്യത്തുടനീളം 1.25 ലക്ഷം കോടിയുടെ വ്യാപാരം നടന്നതായി സി.എ.ഐ.ടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖാന്‍ഡെല്‍വാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാത്രം 25,000 കോടിയുടെ വ്യാപാരം നടന്നിട്ടുണ്ട്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുപകരം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലാണ് ഉപഭോക്താക്കള്‍ ഇത്തവണ കൂടുതല്‍ താല്‍പര്യം കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജ്വല്ലറി മേഖലയില്‍ 9000 കോടിയുടെ വ്യാപാരമാണ് നടന്നത്.