Kerala
രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് സരിന്‍
18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം നേടിയത്.
പാലക്കാട് | പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് റെക്കോര്‍ഡ് ഭൂരിപക്ഷം. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയെക്കാള്‍ 18,840 വോട്ടിന്റെ വ്യത്യാസത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. രാഹുലിന് 58,389 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പി സാരഥി സി കൃഷ്ണകുമാര്‍ 39,549 വോട്ട് നേടി. ഇടത് സ്ഥാനാര്‍ഥി പി സരിന് 37,293 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. ബി ജെ പിക്ക് വന്‍ വോട്ടു ചോര്‍ച്ചയാണ് മണ്ഡലത്തില്‍ ഉണ്ടായത്. എല്‍ ഡി എഫ് ആണെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 10,000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.
പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോഴാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6,775 വോട്ട് നേടിയ രാഹുല്‍ ബി ജെ പി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെക്കാള്‍ 4,124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി.
പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. രാഹുലിന്റെ മുന്നേറ്റത്തില്‍ ബി ജെ പി കോട്ടകള്‍ തകര്‍ന്നടിഞ്ഞു. തങ്ങളുടെ സ്വാധീന മേഖലയായ നഗരസഭയില്‍ ഇത്തവണ ബി ജെ പിക്ക് വോട്ടുകള്‍ കുറഞ്ഞു. സരിന്‍ നേടിയതിന്റെ ഇരട്ടി വോട്ടുകള്‍ നേടിയാണ് രാഹുലിന്റെ വിജയം.