National
പുതുച്ചേരിയില്‍ റെക്കോര്‍ഡ് മഴ, വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി
പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്ററും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്ററും മഴ ലഭിച്ചു.
ചെന്നൈ | പുതുച്ചേരിയിലും വിഴുപ്പുറത്തും റെക്കോര്‍ഡ് മഴയും വെള്ളപ്പൊക്കവും. രണ്ട് പ്രദേശങ്ങളിലെയും നിരവധി വീടുകളിലും ഫ്‌ളാറ്റുകളിലും വെള്ളം കയറി. ഇന്നലെ രാത്രിയോടെ കര തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതോടെയാണ് മഴ ശക്തമായത്. മഴക്കെടുതികള്‍ രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി.
പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്ററും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്ററും മഴ ലഭിച്ചു. പുതുച്ചേരിയില്‍ പെയ്ത മഴ റെക്കോര്‍ഡാണ്. 1978ല്‍ 31.9 സെന്റിമീറ്റര്‍ ലഭിച്ചതായിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന മഴ. പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.
കൃഷ്ണനഗറിലെ വീടുകളില്‍ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താന്‍ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
എല്ലാ സ്‌കൂളുകളും കോളജുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുനല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുച്ചേരി അടക്കം അഞ്ച് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയുണ്ട്. 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.