Articles
വീണ്ടെടുക്കുക, മനോഹര ജീവിതം

വിദ്യാര്‍ഥികളെ രാഷ്ട്ര പുനര്‍ നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കണമെന്ന ഗാന്ധിജിയുടെ ആശയങ്ങളാണ് നാഷനല്‍ സര്‍വീസ് സ്‌കീമിന് (എന്‍ എസ് എസ്) അടിത്തറ പാകിയത്. പൂര്‍ണമായും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായാണ് എന്‍ എസ് എസ് രൂപവത്കരിച്ചതും പ്രവര്‍ത്തിക്കുന്നതും. വളര്‍ന്നുവരുന്ന തലമുറകളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക എന്നതാണ് ലക്ഷ്യം.
എന്‍ എസ് എസിന്റെ തനത് പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കുന്ന മേഖലയാണ് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ എന്‍ എസ് എസ് യൂനിറ്റുകളും ലഹരിക്കെതിരെയുള്ള പ്രത്യേക ക്യാമ്പയിനുകള്‍ എല്ലാ അക്കാദമിക് വര്‍ഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. പൊതുസമൂഹത്തിലും കലാലയങ്ങളിലും വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും അക്രമവാസനക്കെതിരെയും സംസ്ഥാന നാഷനല്‍ സര്‍വീസ് സ്‌കീം ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഈ ക്യാമ്പയിനോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ എന്‍ എസ് എസ് യൂനിറ്റുകളും വ്യത്യസ്ത പ്രചരണ-ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല, സംവാദങ്ങള്‍, ലഹരിക്കെതിരെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ, ലഹരിവിരുദ്ധ സന്ദേശ മരങ്ങള്‍, ലഹരിക്കെതിരെ മണ്‍ചിരാതുകള്‍ ഒരുക്കല്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കല്‍, ലഹരിവിരുദ്ധ കൂട്ടയോട്ടം, ലഹരി മുക്തരുടെ സംഗമം, ലഹരിവിരുദ്ധ ഡോക്യുമെന്ററി നിര്‍മാണം, ഭവന സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ലഹരിവിരുദ്ധ- അക്രമവിരുദ്ധ പ്രചാരണ പരിപാടിയില്‍ കലാലയം, കുടുംബം, സമൂഹം എന്നീ മൂന്ന് ഘടകങ്ങളെയും ക്രിയാത്മകമായി സ്പര്‍ശിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്ത് ഒരുക്കിയതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. കഴിഞ്ഞ വര്‍ഷത്തെ ഉപദേശക സമിതി നിര്‍ദേശ പ്രകാരം ക്യാമ്പസുകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ എസ് എസിന്റെ പ്രത്യേക ലീഡര്‍ ഗ്രൂപ്പ് രൂപവത്കരിക്കണമെന്ന് തീരുമാനിച്ചിരുന്നു. അതുപ്രകാരം, രൂപം കൊടുത്ത പ്രത്യേക ലഹരിവിരുദ്ധ കര്‍മസേനയാണ് ആസാദ് സേന.
നമ്മുടെ നാട് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ ഉള്‍പ്പെടെ എല്ലായ്‌പ്പോഴും, സജീവ സന്നദ്ധ സേവന സഹായവുമായി എന്‍ എസ് എസ് വോളന്റീയേഴ്‌സ് കേരളീയ സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു. കൊവിഡ് കാലഘട്ടങ്ങളിലും പ്രളയദുരന്ത സമയത്തും ചൂരല്‍മല-മുണ്ടക്കൈ ദുരന്ത സമയത്തും സഹായ ഹസ്തങ്ങളുമായി എന്‍ എസ് എസ് മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. വയനാട്-ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പ്രത്യേക ക്യാമ്പയിന്‍ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.