Kerala
നിയമന കോഴ: ബാസിത് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് മഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മലപ്പുറം | ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ പെട്ട ബാസിത് പോലിസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് മഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് നിയമന കോഴ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ഭീഷണിപ്പെടുത്തി ബാസിത് തന്നെക്കൊണ്ട് ഒപ്പിടുവിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസൻ മൊഴി നൽകിയിരുന്നു. മന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്‍റിന്‍റെ പേര് പറഞ്ഞാൽ അന്വേഷണം ഉണ്ടാകില്ലെന്ന് ബാസിത് തന്നെ ധരിപ്പിച്ചതായും ഹരിദാസൻ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്.
മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയത് ബാസിത് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ഒരു ലക്ഷം രൂപ ബാസിത്തിന് നൽകിയെന്നും ഹരിദാസൻ പറഞ്ഞിരുന്നു.
ബുധനാഴ്ച ഹരിദാസനുമായി ഒരുമിച്ചിരുത്തി ബാസിതിനെ ചോദ്യം ചെയ്യും.