Connect with us

Editorial

ആവര്‍ത്തിക്കപ്പെടുന്ന കുഴൽക്കിണര്‍ ദുരന്തങ്ങള്‍

കുഴൽക്കിണറില്‍ വീണുള്ള അപകടങ്ങള്‍ രാജ്യത്ത് അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാധ്യമ റിപോര്‍ട്ട് പ്രകാരം 2009 മുതല്‍ 40ലധികം കുട്ടികള്‍ കുഴൽക്കിണറില്‍ വീണിട്ടുണ്ട്. എഴുപത് ശതമാനത്തിലും രക്ഷാപ്രവര്‍ത്തനം പരാജയമായിരുന്നു.

Published

|

Last Updated

രാജസ്ഥാനില്‍ ഒരാഴ്ച മുമ്പ് കുഴൽക്കിണറില്‍ വീണ കുട്ടിയെ ഇനിയും രക്ഷിക്കാനായില്ല. കുട്ടിക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഓക്‌സിജന്‍ മാത്രം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കുട്ടി കിണറ്റില്‍ വീണത് മുതല്‍ ഭക്ഷണം പോലും കഴിക്കാതെ കണ്ണീരുമായി ദിനങ്ങള്‍ തള്ളിനീക്കുകയാണ് മാതാവ് ദോലിദേവി.

രാജസ്ഥാനിലെ കോട്പുട്‌ലി- ബെഹ്‌രോള്‍ ജില്ലയിലെ ബാഡിയാലിദാനി ഗ്രാമത്തില്‍ ഡിസംബര്‍ 23ന് തിങ്കളാഴ്ചയാണ് പിതാവിനൊപ്പം കൃഷിയിടത്തില്‍ വന്ന മൂന്ന് വയസ്സുകാരി ചേതന കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുഴൽക്കിണറില്‍ വീണത്. 700 അടി താഴ്ചയുള്ള കിണറില്‍ 150 അടി താഴ്ചയിലാണ് കുട്ടി തങ്ങിനില്‍ക്കുന്നത്. ഇടക്കുള്ള വലിയൊരു കല്ലാണ് കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തുന്നതിനു തടസ്സമായി നില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു. ഈ കല്ലിന് ഇളക്കം തട്ടുന്നത് ചിലപ്പോള്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കും. കുട്ടി കുടുങ്ങിക്കിടക്കുന്ന കുഴൽക്കിണറിനു സമാന്തരമായി 160 അടി താഴ്ചയില്‍ മറ്റൊരു കുഴിയെടുത്താണ് ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ ഡിആര്‍ എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ് ഡി ആര്‍ എഫ്) കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരുന്നത്.
ഈ സംഭവത്തിന് രണ്ടാഴ്ച മുമ്പാണ് രാജസ്ഥാനില്‍ തന്നെ മറ്റൊരു കുഞ്ഞ് കുഴൽക്കിണറില്‍ വീണത്. രാജസ്ഥാനിലെ കാളിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കെ ആര്യന്‍ എന്ന അഞ്ച് വയസ്സുകാരന്‍ കുഴൽക്കിണറില്‍ വീണത് ഡിസംബര്‍ ഒമ്പതിനായിരുന്നു. വീടിന് നൂറ് അടിയകലെ മാതാവിന്റെ കണ്‍മുമ്പില്‍ വെച്ചാണ് അപകടം. 56 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അബോധാവസ്ഥയിലായ കുട്ടിയെ പുറത്തെടുത്തെങ്കിലും താമസിയാതെ മരിച്ചു.

കുഴൽക്കിണറില്‍ വീണുള്ള അപകടങ്ങള്‍ രാജ്യത്ത് അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. 2023 ഡിസംബര്‍ ആറിന് മധ്യപ്രദേശ് ബേതുല്‍ ജില്ലയിലെ മാണ്ഡവി ഗ്രാമത്തില്‍ എട്ട് വയസ്സുള്ള സാഹു എന്ന കുട്ടി 55 അടി താഴ്ചയുള്ള കുഴൽക്കിണറില്‍ വീണു. 65 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. 2022 ജൂണില്‍ ഛത്തിസ്ഗഢിലെ ജന്‍ജഗില്‍ ജില്ലയിലും മെയ് 23ന് പഞ്ചാബിലെ ഹോഷിയാര്‍പൂരിലും 2019ല്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലും കുഴൽക്കിണര്‍ അപകടം നടന്നിരുന്നു. മൂന്ന് സംഭവങ്ങളിലും കുട്ടികളെ രക്ഷിക്കാനായില്ല. മാധ്യമ റിപോര്‍ട്ട് പ്രകാരം 2009 മുതല്‍ 40ലധികം കുട്ടികള്‍ കുഴൽക്കിണറില്‍ വീണിട്ടുണ്ട്. എഴുപത് ശതമാനത്തിലും രക്ഷാപ്രവര്‍ത്തനം പരാജയമായിരുന്നു.

കുഴൽക്കിണര്‍ നിര്‍മാതാക്കളുടെ അശ്രദ്ധയും നിരുത്തരവാദിത്വവുമാണ് അപകടങ്ങള്‍ക്ക് കാരണം. കുഴൽക്കിണര്‍ കുഴിച്ചാല്‍ അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമിടയാകാത്ത വിധം അതിന്റെ മുകള്‍ ഭാഗം അടച്ചിടേണ്ടതുണ്ട്. പലരും പമ്പിംഗ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലും കിണര്‍ ഉപയോഗശൂന്യമാകുകയോ വെള്ളം വറ്റുകയോ ചെയ്താലും കിണറില്‍ സ്ഥാപിച്ച മോട്ടോര്‍ പമ്പിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോഴും അവ അശ്രദ്ധമായി ഒഴിച്ചിടുകയാണ് ചെയ്യുന്നത്. മുകള്‍ ഭാഗം മൂടാറില്ല. നാഷനല്‍ ഡിസ്സാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് 2019ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഏകദേശം 27 ലക്ഷം കുഴല്‍ കിണറുകളുണ്ട് ഇന്ത്യയില്‍. ഇപ്പോള്‍ അവയുടെ എണ്ണം 30 ലക്ഷത്തിന് മുകളിലെത്തിയിരിക്കും.
കുഴൽക്കിണര്‍ അപകടങ്ങള്‍ തടയുന്നതിന് 2010 ഫെബ്രുവരി 11ന് സുപ്രീം കോടതി സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍മാണത്തിനു മുമ്പ് കിണറിനു ചുറ്റും മുള്ളുവേലി പണിയുക, കിണറിന്റെ മുകള്‍ ഭാഗത്ത് ബോള്‍ട്ടുകള്‍ ഉപയോഗിച്ച് സ്റ്റീല്‍ പ്ലേറ്റ് കവര്‍ സ്ഥാപിക്കുക, കിണറിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കുഴിയുടെ അടിയില്‍ നിന്ന് തറനിരപ്പ് വരെ മണ്ണ് നിറക്കുക, കിണര്‍ നിര്‍മാണത്തിന് പതിനഞ്ച് ദിവസം മുമ്പെങ്കിലും ഭൂവുടമ വിവരം ജില്ലാ കലക്ടറെയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. രാജ്യത്ത് നടന്ന കുഴല്‍കിണര്‍ അപകടങ്ങളുടെ ഭീകരത വിവരിക്കുന്ന ഒരു കത്ത് സുപ്രീം കോടതിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. 2010 ആഗസ്റ്റ് ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച്, ഉപയോഗിക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ മുഴുവന്‍ കുഴൽക്കിണറുകളും ജില്ലാ തലത്തില്‍ നിരീക്ഷിക്കാനും പരിപാലിക്കാനും ഉത്തരവും നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ് പിന്നീട് നടന്ന കുഴൽക്കിണര്‍ അപകടങ്ങള്‍.

മറ്റു അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നതു പോലെയല്ല കുഴൽക്കിണര്‍ ദുരന്തത്തില്‍ അകപ്പെട്ടുള്ള മരണങ്ങള്‍. പേടിച്ചും കരഞ്ഞും വിശന്നും ശ്വാസം കിട്ടാതെയും കൈകാലുകള്‍ അനക്കാന്‍ പോലുമാകാതെയും മരണത്തിനു മുമ്പ് വരെ കുഞ്ഞുങ്ങള്‍ കടന്നു പോകുന്ന അവസ്ഥ എത്ര ഭയാനകവും ദുരിതപൂര്‍ണവുമാണ്. ഓര്‍ക്കാന്‍ തന്നെ ഭയം തോന്നും. കിണര്‍ കുഴിക്കാനെടുത്ത ചെലവിന്റെ അമ്പത് അംശത്തില്‍ ഒന്ന് പോലും വേണ്ട ഉപയോഗശൂന്യമായ കിണര്‍ മൂടാന്‍. അത് മൂടാനുള്ള ഉത്തരവാദിത്വം ഉടമകളില്‍ നിക്ഷിപ്തമാക്കുന്നതിലും അവരത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലും അധികൃതര്‍ പരാജയപ്പെടുകയാണ്. പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഗ്രാമീണരുടെയും കുഞ്ഞുങ്ങളാണ് കുഴൽക്കിണര്‍ ദുരന്തങ്ങളില്‍ അകപ്പെടുന്നവരെന്നതായിരിക്കണം ഉത്തരവാദപ്പെട്ടവരുടെ നിസ്സംഗതക്കും നിരുത്തരവാദ പെരുമാറ്റത്തിനും കാരണം. സമ്പന്നരുടെയും നഗരവാസികളുടെയും കുഞ്ഞുങ്ങളെ ബാധിക്കാനിടയില്ലാത്ത ഒരപകടമാണല്ലോ ഇത്. അഥവാ ധനികരുടെ കുഞ്ഞ് ഇത്തരമൊരു അപകടത്തില്‍ പെട്ടാല്‍ നിയമവും ഭരണകൂടവും സടകുടഞ്ഞെഴുന്നേല്‍ക്കുമായിരുന്നു.

Latest