National
തമിഴ്നാട്ടില്‍ നവംബര്‍ 11 വരെ റെഡ് അലേര്‍ട്ട്; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി
മഴക്കാലത്തെ വെള്ളപ്പൊക്കം തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട ചെന്നൈ കോര്‍പ്പറേഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ചെന്നൈ| തമിഴ്നാട്ടില്‍ നവംബര്‍ 11 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ്. വരും ദിവസങ്ങളില്‍ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വരെ മഴ പെയ്യുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബര്‍ 11-ഓടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴക്കെടുതിയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. 358 വീടുകള്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
മഴക്കാലത്തെ വെള്ളപ്പൊക്കം തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട ചെന്നൈ കോര്‍പ്പറേഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം എന്ത് നടപടി സ്വീകരിച്ചുവെന്ന് കോര്‍പ്പറേഷനോട് ആരാഞ്ഞ ഹൈക്കോടതി, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ സ്വമേധയാ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.