Kerala
ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട്; ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് കര്‍ശനമായി നടപ്പാക്കും : മന്ത്രി കെ രാജന്‍
സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
തൃശ്ശൂര്‍ | സംസ്ഥാനത്ത് കാലവര്‍ഷം ദുരിതം തീര്‍ക്കുന്ന സാഹചര്യത്തില്‍ റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ ഡാമുകളില്‍ തല്‍ക്കാലം ആശങ്കയില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ജീവിത സുരക്ഷിതത്വം പ്രധാനമാണ്. ആളുകളെ നിര്‍ബന്ധമായി മാറ്റി പാര്‍പ്പിക്കണം. നദീതീരങ്ങളിലേക്കും മലമ്പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം- മന്ത്രി പറഞ്ഞു.
അതിരപ്പിള്ളിയിലേക്ക് സന്ദര്‍ശകരെത്തുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയോടെ ചാലക്കുടിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ കൂട്ടായ്മയില്‍ രക്ഷാദൗത്യ സംഘം എത്തും. വൈകിട്ടോടെ ചാലക്കുടിയില്‍ എന്‍ ഡി ആര്‍ എഫ് സംഘം എത്തും. കാടിനുളളില്‍ എപ്പോഴും ഉരുള്‍പൊട്ടാവുന്ന സാഹചര്യമാണുള്ളത്. ആളുകളെ സംരക്ഷിതമായി മാറ്റുന്നത് കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 757 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. ഇതില്‍ 251 പേര്‍ പുരുഷന്മാരും 296 പേര്‍ സ്ത്രീകളും 179 പേര്‍ കുട്ടികളുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണ് പ്രധാനമായും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.