Kerala
റെഡ് അലര്‍ട്ട്; മലപ്പുറത്ത് ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
മലപ്പുറം| ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍ദ്ദേശം നല്‍കി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. വലിയ മഴ പെയ്യുകയാണെങ്കില്‍ ബാക്കിക്കയം ഷട്ടര്‍ തുറക്കുന്നതിനാല്‍ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ വകുപ്പുകളും പോലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശുര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയായിരിക്കും മഴയ്ക്ക് സാധ്യത.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി.
കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഡിസംബര്‍ നാലുവരെയാണ് നിരോധനം. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടണം.