Prathivaram
ചെങ്കണ്ണ്: ശ്രദ്ധിക്കേണ്ട ചിലത്
കണ്ണിൽ കരട് പോയത് പോലെയുള്ള ബുദ്ധിമുട്ടാണ് രോഗത്തിന്റെ തുടക്കം. തുടർന്ന് വെള്ളൊലിപ്പ്, പോള വീക്കം, കണ്ണിലെ ചുവപ്പ്, പീള കെട്ടൽ, തലവേദന, പ്രകാശം അടിക്കുമ്പോഴുള്ള അസ്വസ്ഥത, ചിലർക്ക് പനി, കണ്ണ് ചൊറിച്ചിൽ തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങൾ. ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗം ബാധിക്കാൻ സാധ്യതയുണ്ട്.
ചെങ്കണ്ണ് അഥവാ കണ്‍ജണ്‍ക്ടിവൈറ്റിസ് (Conjunctivitis) ‘മദ്രാസ് ഐ’ എന്നും വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്ന ഈ രോഗം വ്യാപകമായി കേരളത്തില്‍ നിലവിൽ പടര്‍ന്നുപിടിക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ചില പ്രത്യേക കാലാവസ്ഥയില്‍ പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗങ്ങളിലൊന്ന് മാത്രമാണിത്. സാധാരണ പനിയും മറ്റ് പകര്‍ച്ച വ്യാധികളും പോലെ ഏതാനും ദിവസത്തേക്ക് നമ്മുടെ സാധാരണ ജീവിതം അലങ്കോലപ്പെടുന്ന ഒന്നാണ് ചെങ്കണ്ണ്. കാലമിത്ര കഴിഞ്ഞിട്ടും ചെങ്കണ്ണിനെ ചൊല്ലി പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്. ഇത് തികച്ചും അബദ്ധമാണെന്നു മാത്രമല്ല രോഗത്തിന് കാരണമാകുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തെത്തുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും ചെയ്താല്‍ മാത്രമേ രോഗം പകരുകയുള്ളൂ. കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്റ്റൈവ എന്ന കോശ ഭിത്തിയെ ബാധിക്കുന്ന അണുബാധയാണ് ചെങ്കണ്ണ്.
പ്രധാനമായും ബാക്ടീരിയ, വൈറസ്, അല്ലെർജിക് മൂലം ആണ് ചെങ്കണ്ണ് ഉണ്ടാവുന്നത്. കണ്ണിന് കടുത്ത ചുവപ്പുനിറത്തിന് പുറമെ കണ്ണിനകത്ത് മണ്‍തരികള്‍ അകപ്പെട്ടത് പോലെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക, ഉറക്കമുണരുമ്പോഴും മറ്റ് സമയങ്ങളിലും കണ്ണില്‍ പീളകെട്ടല്‍, അസഹ്യമായ ചൊറിച്ചിലും വേദനയും, കണ്ണീര്‍ ധാരാളമായി വരിക എന്നീ ലക്ഷണങ്ങളുണ്ടായാല്‍ അത് ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആകാനാണ് സാധ്യത.
വൈറസ് ബാധയുണ്ടായാല്‍ രോഗം ഒരു കണ്ണിനെ മാത്രമായും ബാധിച്ചേക്കാം. ഈ അവസ്ഥയില്‍ പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങുന്നത് വൈറസ് ബാധയുടെ ലക്ഷണമാണ്. ചിലതരം വൈറസ് ബാധയുണ്ടായാല്‍ കൃഷ്ണമണിക്കുള്ളില്‍ വെളുത്ത പൊട്ടുപോലെ കാണുകയും മറ്റു ചില വൈറസുകള്‍ മൂലം കണ്‍പോളകള്‍ക്കുള്ളില്‍ വെളുത്ത പാടപോലെ കാണപ്പെടുകയും ചെയ്യും. ഇത്തരം ചെങ്കണ്ണ് സുഖപ്പെട്ട് കണ്ണുകള്‍ പൂര്‍വ സ്ഥിതിയിലാകാന്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലുമെടുക്കും.
ലക്ഷണങ്ങള്‍
കണ്ണിൽ കരട് പോയത് പോലെയുള്ള ബുദ്ധിമുട്ടാണ് രോഗത്തിന്റെ തുടക്കം. തുടർന്ന് കണ്ണില്‍ നിന്ന് വെള്ളൊലിപ്പ്, പോള വീക്കം, കണ്ണിലെ ചുവപ്പ്, പീള കെട്ടൽ, തലവേദന, പ്രകാശം അടിക്കുമ്പോഴുള്ള അസ്വസ്ഥത, ചിലർക്ക് പനി, കണ്ണ് ചൊറിച്ചിൽ തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങൾ. ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗം ബാധിക്കാൻ സാധ്യതയുണ്ട്.
ശക്തിയായ വേദനയും ചുവപ്പു നിറവും കണ്ടാൽ ഉടൻ സ്വയം ചികിത്സ ഒഴിവാക്കി നേത്രരോഗ വിദഗ്ധനെ സന്ദർശിച്ചു മരുന്നുകൾ സ്വീകരിക്കുക. പ്രായം ചെന്നവര്‍, നിത്യ രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിവര്‍ക്ക് ചെങ്കണ്ണ് രോഗത്തിന്റെ വ്യാപ്തി പെട്ടെന്ന് വര്‍ധിക്കാനിടയുണ്ട്. ഇത്തരത്തിലുള്ളവര്‍ പെട്ടെന്ന് തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം.
പ്രതിവിധി
രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കുക.
തോര്‍ത്ത് മുണ്ട്, തൂവാല പോലുള്ളവ രോഗി വേറെ തന്നെ ഉപയോഗിക്കുക.
രോഗിക്ക് കണ്ണ് തുടക്കാന്‍ ടിഷ്യൂ പേപ്പർ നൽകുക (അവ കൃത്യമായി നശിപ്പിക്കുക).
രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ബാത്ത് റൂമിലെ സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
രോഗി ഇടക്കിടെ കൈ സോപ്പിട്ട് കഴുകുക.
പൊതു നീന്തല്‍ക്കുളം പോലെയുള്ള ശുചീകരണ സ്ഥലങ്ങളില്‍ നിന്നും രോഗി വിട്ടു നിൽക്കുക.
ഒരാളുടെ രോഗത്തിനുള്ള മരുന്ന് മറ്റുള്ളവർ ഉപയോഗിക്കുന്നത് നല്ലതല്ല. ഓരോരുത്തരും ഡോക്ടറെ കാണിച്ച് വേറെ തന്നെ വാങ്ങുന്നതാണ് ഉത്തമം. രോഗാവസ്ഥയുടെ കാഠിന്യത്തിനനുസരിച്ചായിരിക്കും ഡോക്ടര്‍ തുള്ളിമരുന്ന് ഓരോരുത്തര്‍ക്കും നിശ്ചയിക്കുക.
പോള വീക്കമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി പുറത്തുകൂടെ തടവുന്നത് നല്ലതാണ്.
ശരീരത്തിനും കണ്ണുകൾക്കും വിശ്രമം അനുവദിക്കുക. രാത്രിയുറക്കം ഉറപ്പാക്കുക.
രോഗം വന്നാൽ ടി വി, കന്പ്യൂട്ടർ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം.
ഭക്ഷണം
ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആഹാരത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണമാണ് കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടത്. അഥവാ മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇതിന് ഉപകരിക്കും. പപ്പായ, മാങ്ങ, ഓറഞ്ച് , കൈതച്ചക്ക, ക്യാരറ്റ് എന്നിവയെല്ലാം ഇതില്‍ പെടും.