Cover Story
വിമോചകൻ
അടിമകളും ഉടമകളുമില്ലാത്ത, ലോകത്തെ മനുഷ്യരെല്ലാം ഒരമ്മ പെറ്റ മക്കൾ തന്നെയായി മാറുമ്പോഴാണ് ഭൂമിയുടെ സൗന്ദര്യം ഇരട്ടിക്കുക. ഇത് തിരിച്ചറിഞ്ഞ മഹാ വിമോചകനായിരുന്നു പ്രവാചകൻ. വംശീയത പെരുകിവരുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.
വീണ്ടും ഒരു നബിദിനം കൂടി കടന്നുവരുമ്പോൾ പ്രവാചക സ്മരണകൾ കൊണ്ട് ദീപ്തമാകുകയാണ് ലോകം. പോയ നൂറ്റാണ്ടുകളിൽ മനുഷ്യ ജീവിതം നേരിട്ട ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലോക രാജ്യങ്ങളിൽ നിന്നു മായ്ക്കപ്പെട്ട വെറുപ്പും വിദ്വേഷവും വംശീയതയും മനുഷ്യർക്കിടയിൽ അപരത്വം കൽപ്പിച്ചുകൊണ്ടുള്ള വേട്ടയാടലുകളും ഇന്ത്യൻ സാഹചര്യത്തിൽ ഏറെ അശാന്തി വിതയ്ക്കുന്നുണ്ട്. വെറുപ്പിനേയും വംശീയതയേയും ഫാസിസത്തേയും അതേ ഭാഷ കൊണ്ട് നേരിടുകയേ അരുത്. പ്രവാചകന്റെ സന്ദേശങ്ങളിലെ വെളിച്ചവും പ്രബോധനങ്ങളിലെ മാനവികതയും സംഘർഷങ്ങൾ മറികടക്കാൻ നമ്മേ പ്രാപ്തരാക്കേണ്ടതുണ്ട്. അതാകണം നബിദിനാഘോഷങ്ങളുടെ ഓർമപ്പെടുത്തലുകൾ. ചരിത്രത്തിലെ മഹാന്മാരായ അധ്യാപകരിൽ ഉന്നതിയിലാണ് പ്രവാചകന്റെ സ്ഥാനം. പ്രവാചകന്റെ പ്രബോധനങ്ങളിലെ വലിയ പാഠങ്ങൾ ഉൾക്കൊള്ളാൻ ഒന്നും തന്നെ തടസ്സമാകേണ്ടതുമില്ല.
അറേബ്യയിൽ മുഹമ്മദ് നബി(സ)യുടെ പ്രബോധനങ്ങൾ ആരംഭിക്കുന്ന കാലത്ത് ഗോത്രങ്ങൾ തമ്മിലുള്ള പകയും കറുത്ത വർഗക്കാരോടുള്ള അവഗണനയും നിറഞ്ഞു നിന്നിരുന്നു. വംശീയത ജനജീവിതത്തിന്റെ പല വിതാനങ്ങളെയും ഗ്രസിച്ചിരുന്നു. ഇസ്‌ലാം മുന്നോട്ടു വെച്ചത് ഏക മാനവ സങ്കൽപ്പമാണ്. പിറവി കൊണ്ടല്ല മനുഷ്യർ ശ്രഷ്ഠരാകുന്നത്, കർമം കൊണ്ടാണ്. വംശീയതയെ മറികടക്കൽ കൂടിയാണ് വിമോചനം. വെളുപ്പിന് കറുപ്പിനേക്കാൾ ഒരു ശ്രേഷ്ഠതയുമില്ല.
പ്രവാചകന്റെ പ്രബോധന കാലത്ത് അഭിജാതരെന്ന് സ്വയം കരുതിയിരുന്ന ഗോത്ര വർഗക്കാർ അടിമകളെ പോറ്റിയിരുന്നു. ഒട്ടകത്തിന്റെ പരിഗണന പോലും ഈ അടിമകൾക്കു നൽകിയിരുന്നതുമില്ല. ചന്തകളിൽ കന്നുകാലികളെപ്പോലെ അടിമകളെ കൈമാറ്റം ചെയ്തു.
അടിമകളോട് പ്രവാചകൻ കാണിച്ച കാരുണ്യം യഥാർഥ വിമോചകന്റെതായിരുന്നു. ഖദീജാ ബീവിയുമായുള്ള വിവാഹ ബന്ധത്തിലൂടെ ബീവിയുടെ അടിമകൾക്കു മേൽ അവകാശാധികാരങ്ങൾ ലഭ്യമായിരുന്നല്ലോ പ്രവാചകന്. എന്നാൽ, അടിമകളെ വിമോചിപ്പിക്കുകയാണ് പ്രവാചകൻ ചെയ്തത്. ഖദീജാ ബീവി ഒരു പ്രത്യേക സമ്മാനമായി മുഹമ്മദ് നബി(സ)ക്ക് നൽകിയത് സെയ്ദ് എന്ന അടിമയെയാണ്. ഖദീജാ ബീവിയുടെ ബന്ധുവായ ഹാക്കീം ഉക്കാള ചന്തയിൽ നിന്നു വാങ്ങി ബീവിക്ക് സമ്മാനിച്ചതായിരുന്നു സെയ്ദിനെ. എന്നാൽ, പ്രവാചകൻ സ്വന്തം പുത്രനെ പോലെയാണ് സെയ്ദിനെ സ്‌നേഹിച്ചത്. തനിക്ക് പിതാവിന്റെയും മാതാവിന്റെയും സ്‌നേഹം പ്രവാചകൻ പകർന്നു നൽകിയെന്ന് സെയ്ദും പറഞ്ഞിട്ടുണ്ട്.
അടിമത്തവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം ത്വാഇഫിലെ വിഗ്രഹാരാധകരായ ഗോത്രവർഗക്കാരുമായുള്ള യുദ്ധവേളയിൽ സംഭവിച്ചതാണ്. പ്രബലരായിരുന്നു ആ ഗോത്ര വർഗം. ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചതായിരുന്നു അവരുടെ കോട്ട. യുദ്ധം തുടങ്ങുമ്പോൾ ഈ ഗോത്ര വർഗക്കാർ അകത്തും പ്രവാചകന്റെ സൈന്യം കോട്ടക്കു പുറത്തുമായിരുന്നു. ഇവിടെ വെച്ച് പ്രവാചകൻ ഒരു കൽപ്പന പുറപ്പെടുവിക്കുന്നു. അത് അടിമകൾക്കു വേണ്ടിയുള്ളതായിരുന്നു. കോട്ടക്കകത്തെ ഗോത്ര വർഗക്കാർ സത്യവിശ്വാസം സ്വീകരിച്ച് പുറത്തേക്കു വന്നാൽ അവരെ സ്വതന്ത്രമാക്കാമെന്നായിരുന്നു കൽപ്പന. ഇരുപതോളം അടിമകൾ ഇതു കേട്ട് പുറത്തേക്ക് വന്നു എന്നാണ് ചരിത്രം.
പിൽക്കാലത്ത് ത്വാഇഫിലെ ഗോത്ര വർഗക്കാർ വിഗ്രഹാരാധന ഉപേക്ഷിച്ച് സത്യവിശ്വാസത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അക്കാലത്തെ യുദ്ധ രീതികളിൽ ചില സവിശേഷതകൾ ഉണ്ടായിരുന്നു. യുദ്ധത്തിൽ ഏർപ്പെടുന്ന ഇരു വിഭാഗങ്ങളും യുദ്ധാനന്തരം ചില കൈമാറ്റങ്ങൾ നടത്തും. പരസ്പരം പിടിച്ചടക്കിയവയാണ് ഇങ്ങനെ കൈമാറ്റം ചെയ്യുക. ത്വാഇഫിലെ ഗോത്രവർഗക്കാർ പ്രവാചകനോട് ആവശ്യപ്പെടുന്നത് വിമോചിപ്പിച്ച അടിമകളെ തിരിച്ചുനൽകണം എന്നാണ്. അത് സാധ്യമല്ലെന്ന് പ്രവാചകൻ പറഞ്ഞു. അവർ ഇനിമേൽ അടിമകളേയല്ല എന്നതാണ് ന്യായം.
ഇസ്‌ലാമിന്റെ ആരംഭഘട്ടങ്ങളിൽ സത്യവിശ്വാസത്തിലേക്കു കടന്നുവന്നവർ കൂടുതലും അടിമകളും കറുത്തവർഗക്കാരും തന്നെയായിരുന്നു. ഇതിന്റെ മുഖ്യ കാരണം അവർക്ക് ലഭിച്ച പരിഗണനയും സ്‌നേഹവും ഒക്കെയാണ്. ഇത് അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കലാണ്. വ്യക്തിത്വത്തെ അംഗീകരിക്കുക എന്നതിനർഥം അവരുടെ സർഗാത്മക വ്യവഹാരങ്ങളെ കൂടി അംഗീകരിക്കുക എന്നതാണ്. കറുപ്പിന് ഇത്രമേൽ അംഗീകാരം കൊടുത്തവരിൽ പ്രവാചകന്റെ സ്ഥാനം വലുതാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്, അവിടുത്തെ മനുഷ്യർക്ക് പ്രവാചകൻ നൽകിയ അംഗീകാരത്തിന് വലിയൊരു രാഷ്ട്രീയമുണ്ട്.
ബിലാലും പ്രവാചകനും തമ്മിലുള്ള ആത്മബന്ധം ഇസ്‌ലാമിക ചരിത്രത്തിലെ അസാധാരണമായ ഒരധ്യായമാണ്. ബിലാൽ കറുത്തവനായിരുന്നു. ബിലാലിന് അളവറ്റ സ്‌നേഹം പ്രവാചകൻ പകർന്നു നൽകി. അവന്റെ കറുത്ത മുഖം തന്റെ പൊൻനിറമുള്ള നെഞ്ചിലേക്ക് ചേർത്തുപിടിച്ചല്ലോ പ്രവാചകൻ. ഒരുപാട് പരിമിതികളുണ്ടായിരുന്നു ബിലാലിന്. അറബി ഭാഷ സംസാരിക്കുമ്പോൾ ഉച്ചാരണപ്പിശകു വരുത്തുമായിരുന്നു. ഈ പരിമിതികളെ കുറിച്ചൊന്നുമല്ല പ്രവാചകൻ ചിന്തിച്ചത്. മറിച്ച് ബിലാലിന്റെ കണ്ഠത്തിൽനിന്നു പുറപ്പെടുന്ന സംഗീത ധാരയെക്കുറിച്ചാണ്. മക്കാ വിജയത്തിനു ശേഷം ആദ്യ ബാങ്ക് വിളിക്ക് ബിലാലിനെ നിയോഗിക്കാനുള്ള കാരണവും അതാണ്.
കറുത്തവനെ വിമോചിപ്പിക്കുക എന്നതിനർഥം അടിമത്തം നിറഞ്ഞ തൊഴിലിടങ്ങളിൽ നിന്ന് അവരെ മുക്തരാക്കുക എന്നതു മാത്രമല്ല. അവരുടെ സർഗ വിചാരങ്ങൾ, പ്രപഞ്ച വീക്ഷണം ഇതൊക്കെ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകലാണ്. കറുപ്പ് എന്ന നിറവും ഭൂമിയുടെ അസാധാരണ സൗന്ദര്യ വിതാനങ്ങളിലൊന്നാണ്. അടിമകളും ഉടമകളുമില്ലാത്ത ലോകത്തെ മനുഷ്യരെല്ലാം ഒരമ്മ പെറ്റ മക്കൾ തന്നെയായി മാറുമ്പോഴാണ് ഭൂമിയുടെ സൗന്ദര്യം ഇരട്ടിക്കുക. ഇത് തിരിച്ചറിഞ്ഞ മഹാ വിമോചകനായിരുന്നു പ്രവാചകൻ. വംശീയത പെരുകിവരുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.
പ്രവാചക ജീവിതത്തിന്റെ വലിയ സന്ദേശങ്ങളിലൊന്ന് പകയേയും വിദ്വേഷത്തെയും പൂർണമായി നിരാകരിക്കുന്നതാണ്. മനുഷ്യർ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് പ്രവാചകൻ തിരിച്ചറിഞ്ഞു. മനുഷ്യർ നല്ലവരും ചീത്തവരുമൊക്കെയാവുന്നതിൽ സാഹചര്യങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അടഞ്ഞ ഗോത്രവിശ്വാസങ്ങൾ ഏക ദൈവ വിശ്വാസത്തിലേക്കും ഉയർന്ന മാനവികതയിലേക്കും പരിവർത്തിക്കുമ്പോൾ ഗോത്രങ്ങൾക്കിടയിലെ പക താനേ ഒടുങ്ങും. എല്ലാ തിന്മകളേയും ഉപേക്ഷിച്ച് നന്മയിലേക്ക് സഞ്ചരിക്കാൻ അവസരം ഉണ്ടാകണം. സത്യവിശ്വാസത്തിലെത്തുന്നതോടെ ഏത് ചീത്ത മനുഷ്യനും ദൈവം മാപ്പ് നൽകുമെന്നും ശിഷ്ടകാലം സമൂഹത്തിൽ ഉന്നതരായി മാറാൻ ദൈവം അവനെ അനുഗ്രഹിക്കുമെന്നുമാണ് ഇസ്‌ലാമിക വിശ്വാസം. മഹാ മാപ്പ് പ്രവാചക ജീവിതത്തിലെ വലിയ സന്ദേശമാണ്. മക്കാ വിജയത്തിനു ശേഷം ശത്രുക്കൾ ഭയന്നത് പ്രവാചകന്റെ ഭാഗത്ത് നിന്ന് വലിയ ശിക്ഷ വരാൻ പോകുന്നു എന്നാണ്. എന്നാൽ, അങ്ങനെയൊന്നും സംഭവിച്ചില്ല. ശത്രുക്കളോട് കാണിച്ചത് സ്‌നേഹവും കരുണയും. എല്ലാവർക്കും മാപ്പ് നൽകി. ഇനിമേൽ ശത്രുതയില്ല.
പ്രബോധനത്തിനായി ത്വാഇഫിൽ എത്തിയപ്പോൾ പ്രവാചകൻ വേട്ടയാടപ്പെടുന്നുണ്ടല്ലോ. തന്നെ വേട്ടയാടിയവർക്കെതിരെ ദൈവത്തോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികരിച്ചതിങ്ങനെ:
“ഞാനെങ്ങനെ അവർക്കെതിരെ പ്രാർഥിക്കും. അവർ അല്ലാഹുവിൽ വിശ്വസിച്ചില്ലെങ്കിലും അവരുടെ തലമുറയിൽ ആരെങ്കിലും ഏക ദൈവത്തെ ആരാധിക്കുന്നവരുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’
എല്ലാ ശത്രുക്കളോടും പൊറുത്തുകൊടുക്കുക എന്ന സന്ദേശത്തിന് വെറുപ്പ് പടരുന്ന ഈ കാലത്ത് വലിയ പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. പ്രവാചക സന്ദേശങ്ങൾ വെറുപ്പിന്റെ ഭാഷണങ്ങൾ മായ്ച്ചുകളയാൻ നമ്മെ സഹായിക്കും. നന്മയിലേക്കുള്ള യാത്രയിൽ ഊർജമാകണം പ്രാർഥനാപൂർണമായ നബിദിനാഘോഷങ്ങൾ. എല്ലാവർക്കും ഊഷ്മളമായ നബിദിനാശംസകൾ.
.