book review
റെഡ്ഗാര മീനുകളും നരഭോജിയും
പുതിയ കാലത്ത് എഴുത്തുകാര്‍ക്ക് പ്രിയങ്കരമായ ത്രില്ലര്‍ ഇനത്തില്‍പെടുന്നു കരിന്തേള്‍ എന്ന ഈ പുസ്തകത്തിലെ ചെറു നോവലുകളായ കരിന്തേളും റെഡ്ഗാരയും.
നരഭോജികളെ കഥയില്‍ ആവിഷ്കരിക്കുക ബുദ്ധിമുട്ടുള്ള പണിയാണ്. കാരണം മനോവൈകല്യത്തിന്‍റെ കൊടും ഉയരത്തില്‍ നില്‍ക്കുന്ന അത്തരം മനുഷ്യരുടെ ജീവിതം അടുത്തറിഞ്ഞവര്‍ അതിവിരളമായിരിക്കും എന്നതുതന്നെ. ഒരു ഭഗവത്സിംഗിന്‍റെ കേസ് വെളിച്ചത്തുവന്നപ്പോള്‍ തന്നെ കേരളം നടുങ്ങിവിറച്ചുപോയത് കണ്ടവരാണല്ലോ നാം.
നരഭോ ന്ജികള്‍ കഥാപാത്രങ്ങളായുള്ള ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യുടെ ആമുഖത്തില, ആ നോവലിന്‍റെ രചനാവേളയില്‍ തന്നെ സമനില തെറ്റാതെ പിടിച്ചുനിര്‍ത്തിയ കുടുംബത്തിന് പ്രത്യേകം നന്ദി പറയുന്നുണ്ട് അതിന്‍റെ രചയിതാവായ ടി.ഡി രാമകൃഷ്ണൻ.
കരിന്തേള്‍ എന്ന തന്‍റെ നോവലില്‍ കഥാഹൃദയമായി റീന പി.ജി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതും കാനിബാളിസം തന്നെയാണ്.
പുതിയ കാലത്ത് എഴുത്തുകാര്‍ക്ക് പ്രിയങ്കരമായ ത്രില്ലര്‍ ഇനത്തില്‍പെടുന്നു കരിന്തേള്‍ എന്ന ഈ പുസ്തകത്തിലെ ചെറു നോവലുകളായ കരിന്തേളും റെഡ്ഗാരയും.
നീലകണ്ഠൻ പരമാരയെന്ന പരമസാധുവായ മനുഷ്യനിലൂടെ വികസിക്കുന്ന കഥ, ഭീകരമായ സന്ദര്‍ഭങ്ങളിലേക്ക് വളരുന്നു. സാധാ കീപാഡ് ഫോണുമായി നടന്ന പരമാര ഒരു സ്മാര്‍ട്ട് ഫോൺ വാങ്ങുന്നിടത്തുനിന്ന് കഥ വികസിക്കുന്നു. അതുവഴി അയാള്‍ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലെത്തുകയും അവരുടെ കൂടെ ഒരു ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുകയും ചെയ്യുന്നതോടെ അയാളുടെ തലവിധി മാറുന്നു.
പരമാരയുടെ മാത്രം കഥയല്ല കരിന്തേൾ. അത് ശിഥിലമായിപ്പോയ ബാല്യത്തിനുടമയായ പ്രകൃതി അയ്യങ്കാരുടേയും കൂടി കഥയാണ്. പ്രകൃതിയുടെ മാനസികാവസ്ഥയുടെ വിശകലനത്തിലും അവളുടെ വിചിത്ര സ്വഭാവങ്ങളുടെയും തലത്തിലെത്തുമ്പോള്‍ കഥയുടെ താളം മുറുകുന്നു.
ഇവിടെ ഇരപിടിയനായ പുരുഷനെയല്ല സ്ത്രീയെയാണ് നാം കാണുന്നത്. അവളെ അവിടെവരെ എത്തിച്ച സാഹചര്യങ്ങളിലേക്കും നോവലിസ്റ്റിന്‍റെ അന്വേഷണം നീളുന്നു.
ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന നോവലാണ് കരിന്തേള്‍. എന്നാല്‍ ഒരു ജനപ്രിയ നോവലിന്‍റെ അത്രയും ലാളിത്യമാര്‍ന്ന വഴിയിലല്ല, ഈ പ്രമേയത്തെ നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്. നരഭോജിയായ സ്ത്രീയെ വേട്ടയാടിയ ബാല്യത്തെയും വിശകലനം ചെയ്യുന്നിടത്ത് ഒറ്റയിരുപ്പിലെ വായന ഗൗരവമാര്‍ന്നതാകുന്നു. അതായത് ഒറ്റയിരുപ്പില്‍ വായിക്കാമെന്നത് ഈ നോവലിനെ സംബന്ധിച്ചുള്ള പ്രശംസയായി മാറുന്നു.
റെഡ്ഗാര , ഒരു മത്സ്യത്തിന്‍റെ പേരാണ്. ആ പേരിലുള്ള ചെറുനോവല്‍ പോകുന്നത് കുറ്റാന്വേഷണത്തിന്‍റെ വഴിയിലാണ്. എങ്കിലും ആഖ്യാനത്തിലുള്ള കൗശലം വായനയെ രസകരമാക്കുന്നു. കഥപറയുന്നതിനിടെ വരുന്ന ചില വിചിത്രഭാവനകളും സിംബലുകളും (റെഡ്ഗാരയും അങ്ങനെയൊരു പ്രതീകമാണ്.) കഥയെ സാധാരണ കുറ്റാന്വേഷണ നോവലിന്‍റെ തലത്തില്‍ നിന്ന് ഉയര്‍ത്തുന്നു. ഗൗതംഘോഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതവും ചലച്ചിത്രത്തിലെന്നപോലെ വരുന്ന ചില പ്രതീക ദൃശ്യങ്ങളും കലര്‍ന്നു കഥയുടെ ക്ലൈമാക്സിലെത്തുമ്പോള്‍ നല്ലൊരു വായനാനുഭവമാണ് അനുവാചകന് ലഭിക്കുന്നത്.
മൊബൈല്‍ സ്ക്രീനിൽ നിന്ന് ഇടവേളയെടുക്കുന്നവരും അപൂര്‍വ്വം ചില അക്ഷരപ്രേമികളുമാണ് ഇക്കാലത്തെ വായനക്കാര്‍ എന്നതിനാലാവണം ത്രില്ലറുകള്‍ പുതുഎഴുത്തുകളുടെ മുഖമുദ്രയാവുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഓര്‍മ്മയെ നാളയിലേക്ക്
മാറ്റിവെക്കാത്തവര്‍ക്കായുള്ള എഴുത്തുകള്‍ വ്യാപകമായി വരുന്നുണ്ട്. അതേ ജോണറില്‍ പെടുമ്പോഴും ചില അനുഭവങളും കഥാപാത്രങ്ങളും കൂടെപ്പോരും എന്നിടത്താണ് റീന പി.ജിയുടെ ആവിഷ്കാരത്തിന്‍റെ പ്രത്യേകത.
‘പെണ്‍കോമരത്തിന്‍റെ ക്രോധം എന്ന സജയ്.കെ.വിയുടെ പിന്‍കുറിപ്പ് കൃതിയുടെ ഉള്ളറിഞ്ഞ അഭിപ്രായമാണ്. അമിതപ്രശംസകളല്ല അതിന്‍റെ കാതല്‍ എന്നതും ശ്രദ്ധേയമായി.
ബാക്ക് കവറില്‍ എസ്.ഹരീഷിന്‍റെ ചെറുകുറിപ്പുമുണ്ട്.