Kerala
സംസ്ഥാനത്ത് ജല വൈദ്യുതി ഉല്‍പാദനത്തില്‍ കുറവ്; ഉപഭോഗത്തിന്റെ 82 ശതമാനവും ഇറക്കുമതി ചെയ്യുന്നു
ഈ മാസം ഇതുവരെയുളള്ള വൈദ്യുതി ഉപഭോഗം 936.85 ദശലക്ഷം യൂനിറ്റുമാണ്. ഇതില്‍ 18 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്
പത്തനംതിട്ട | സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ ജലനിരപ്പ് താഴുന്നു. ഞായറാഴ്ച രാവിലെ 11 മണിവരെയുള്ള കണക്കനുസരിച്ച് സംഭരണ ശേഷിയുടെ 51 ശതമാനമാണ അവശേഷിക്കുന്നത്. ഇടുക്കിയില്‍ 46.6 ശതമാനവും കക്കിയില്‍ 55.04 ശതമാനവും ഇടമലയാറില്‍ 46.32 ശതമാനവും ബാണാസുര സാഗറില്‍ 40.27 ശതമാനവും ഷോളയാറില്‍ 83.71 ശതമാനവും, മാട്ടുപ്പെട്ടി 79.54 ശതമാനവും, ആനയിറങ്കല്‍ 95.44 ശതമാനവും, പൊന്‍മുടി 54.09 ശതമാനവുംം, കുറ്റ്യാടി 53.40 ശതമാനവും, പമ്പ 11.33 ശതമാനവും, പെരിങ്ങല്‍കുത്ത് 27.49 ശതമാനവും , കുണ്ടള 91.57 ശതമാനവും, കല്ലാര്‍കുട്ടി 66.41 ശതമാനവും ഇരട്ടയാറില്‍ 14.94 ശതമാനവും, ലോവര്‍ പെരിയാര്‍ 73.19 ശതമാനവും മൂഴിയാര്‍ 42.93 ശതമാനവും, കല്ലാര്‍ 20.51 ശതമാനവും ജലമുണ്ട്. ഇതുപയോഗിച്ച 2108.039 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 429.871 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളത്തിന്റെ കുറവാണിത്. 2022ല്‍ ഇതേ സമയം 2537.91 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ ജലം കെ എസ് ഇ ബി സംഭരണികളിലുണ്ടായിരുന്നു. ഇതിനിടയിലും വേനല്‍ചൂടിനൊപ്പം സംസ്ഥാനത്തിന്റെ വൈദ്യുത ഉപഭോഗവും വര്‍ധിക്കുകയാണ്. സംസ്ഥാനത്തിന്റെ ഈ മാസത്തെ ശരാശരി വൈദ്യുതി ഉപഭോഗം 85.17 ദശലക്ഷം യൂനിറ്റാണ്.
ഈ സീസണിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം ശനിയാഴ്ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറില്‍ രേഖപ്പെടുത്തിയതാണ്. 88.06 ദശലക്ഷം യൂനിറ്റ്. ഇന്നലെ ഇത് 87.26 ആയി കുറഞ്ഞു. ഈ മാസം ഇതുവരെയുളള്ള വൈദ്യുതി ഉപഭോഗം 936.85 ദശലക്ഷം യൂനിറ്റുമാണ്. ഇതില്‍ 18 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. ദൈനംദിനം ശരാശരി 15.65 ദശലക്ഷം യൂനിറ്റ്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 172.19 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ചത്. 82 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വൈദ്യുതി സംസ്ഥാനത്ത് ശരാശരി പ്രതിദിന വൈദ്യുതി ഇറക്കുമതി 67.25 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം 2022 ഏപ്രില്‍ 28നാണ്. 92.88 ദശലക്ഷം യൂനിറ്റ്.
കേരളത്തിന്റെ ശരാശരി വൈദ്യുതി ആവശ്യകത 3800 മെഗാവാട്ടും ആഭ്യന്തര ഉല്‍പ്പാദനം 1650 മെഗാവാട്ടുമാണ്. കേന്ദ്ര പദ്ധതികളില്‍ നിന്നും ദീര്‍ഘകാല കരാറുകളില്‍ നിന്നും ലഭ്യമാവുന്ന വൈദ്യുതി കൂടി കണക്കിലെടുത്താലും 100 മുതല്‍ 300 മെഗാവാട്ട വരെ വൈദ്യുതി കമ്മി വൈകൂന്നേരങ്ങളില്‍ അനുഭവപ്പെടാറുണ്ട്. ആവശ്യഘട്ടങ്ങളില്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്നും ആവശ്യമായ വൈദ്യുതി വാങ്ങി പവര്‍കട്ടും ലോഡ ഷെഡ്ഡിങും ഒഴിവാക്കി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ സൗരോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദനത്തില്‍ വന്ന വര്‍ധനവോടെ പകല്‍സമയങ്ങളില്‍ സുലഭമായി വൈദ്യുതി ലഭ്യമാവുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി നിലയങ്ങളുടെ ആകെ സ്ഥാപിത ശേഷി 3678.96 മെഗാവാട്ടാണ്. സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങള്‍ ഒഴികെയുള്ള നിലയങ്ങളുടെ സ്ഥാപിത ശേഷി 2940.93 മെഗാവാട്ടും സൗരോര്‍ജ്ജ നിലയങ്ങളുടെ 738.57 മെഗാവാട്ടും. കെ എസ് ഇ ബി ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് 40 ജലവൈദ്യുത നിലയങ്ങളും 2 താപ വൈദ്യുത നിലയങ്ങളും ഒരു കാറ്റാടി വൈദ്യുത നിലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രതിദിന ശരാശരി ഉല്‍പ്പാദനം 762 മെഗാവാട്ടും. കേരളാ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ 2022-23 സാമ്പത്തിക വര്‍ഷം അംഗീകരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് പ്രതിവര്‍ഷം 28024.76 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വേണ്ടത്. നടപ്പ് സാമ്പത്തിക വര്‍ഷം വൈദ്യുതി വാങ്ങുന്നതിനായി 9103.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.