Connect with us

International

"കരളിന്റെ കരളായ' റീമിന്റെ വല്യുപ്പയും മടങ്ങി

ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഖാലിദ് നഭാൻ എന്ന ഫലലസ്തീൻ വയോധികൻ കൊല്ലപ്പെടുന്പോൾ, ആ പഴയ ദൃശ്യം വീണ്ടും കണ്ണീരോർമയായി മുന്നിലെത്തുന്നു.

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്റാഈൽ വംശഹത്യക്കിരയായ “കരളിന്റെ കരളായ’ കൊച്ചുമകളുടെ വഴിയേ ഫലസ്തീനിന്റെ വല്യുപ്പയും യാത്രയായി. ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഖാലിദ് നഭാൻ എന്ന ഫലലസ്തീൻ വയോധികൻ കൊല്ലപ്പെടുന്പോൾ, ആ പഴയ ദൃശ്യം വീണ്ടും കണ്ണീരോർമയായി മുന്നിലെത്തുന്നു.

കൊച്ചുമകളുടെ ചേതനയറ്റ ശരീരം മാറോട് ചേർത്തുപിടിച്ച് കണ്ണുകളിൽ ചുംബിക്കുകയും “എന്റെ കരളിന്റെ കരളേ’യെന്ന് വിലപിക്കുകയും ചെയ്ത ഖാലിദ് നഭാന്റെ വീഡിയോ കഴിഞ്ഞ വർഷം വ്യാപകമായി പ്രചരിച്ചിരുന്നു. മധ്യ ഗസ്സയിലെ നുസീറാത്ത് അഭയാർഥി ക്യാന്പിനു നേരെ ഇസ്റാഈൽ നടത്തിയ ഷെല്ലാക്രമണത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് “അബു ദിയ’ എന്നറിയപ്പെടുന്ന നഭാൻ കൊല്ലപ്പെട്ടത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു നഭാന്റെ കൊച്ചുമകൾ റീമും (മൂന്ന്) കൊച്ചുമകൻ തരീകും (അഞ്ച്) ഇസ്റാഈൽ വ്യോമാക്രമണത്തിൽ ഇല്ലാതായത്.
അന്ന് നഭാന്റെ വികാര നിർഭരമായ ദൃശ്യങ്ങൾ, ഗസ്സയിൽ ഫലസ്തീനികൾ അനുഭവിക്കുന്ന വേദനയുടെ പ്രതീകമായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ഏതാണ്ട് 13 മാസത്തിനു ശേഷവും ഫലസ്തീനികൾ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ അടയാളമായി നഭാന്റെ കൊലപാതകം മാറുന്നു. അബൂ ഹജർ കുടുംബ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ നഭാനെ കൂടാതെ കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപോർട്ട്.
കൊച്ചുമക്കളെ നഷ്ടപ്പെട്ട ശേഷം സ്വന്തം ദുഃഖം മറക്കാൻ, പരുക്കേറ്റ ഫലസ്തീനികളെ- പ്രത്യേകിച്ച് കുട്ടികളെ പരിചരിക്കാൻ രക്ഷാപ്രവർത്തകരെയും വൈദ്യസംഘത്തെയും സഹായിച്ചുവരികയായിരുന്നു ഖാലിദ് നഭാൻ. ലോകമെങ്ങുമുള്ള ബ്ലോഗർമാരും വ്ലോഗർമാരും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇടപെടുന്നവരും ഈ ഫലസ്തീൻ മുത്തച്ഛനെ അനുസ്മരിക്കുകയാണ്.
നഭാൻ ഉൾപ്പെടെ പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിടാൻ ഒരു വർഷത്തിലേറെയായി ഇസ്റാഈലിന് ആയുധങ്ങൾ നൽകുന്ന സ്വന്തം രാജ്യത്തെ സർക്കാറിനെ കനേഡിയൻ ഡോക്ടർ ബെൻ തോംസൺ കുറ്റപ്പെടുത്തുന്നു.

“ചേതനയറ്റ തന്റെ കൊച്ചുമകൾ റീമിനെ നെഞ്ചിലേറ്റിയപ്പോൾ സ്നേഹവും കരുതലും ആർദ്രതയും അടുത്തറിഞ്ഞിരുന്നു’- ബ്രിട്ടീഷ് സാമൂഹിക പ്രവർത്തക ആനി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

Latest