Connect with us

Kerala

റീന വധക്കേസ്; ഭർത്താവിന് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി

മക്കളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. ഇത് മക്കൾക്ക് വീതിച്ചുനൽകണം. തുക നല്‍കാത്ത പക്ഷം പ്രതിയുടെ സ്വത്തില്‍ നിന്നും അത് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്. 2014 ഡിസംബർ 28-ന് രാത്രിയാണ് സംഭവം നടക്കുന്നത്. ഭാര്യയിലുള്ള സംശയമായിരുന്നു കുടുംബകലഹത്തിനും കൊലപാതകത്തിനും കാരണം. അന്ന്, പന്ത്രണ്ടും പതിനാലും വയസ്സുള്ള മക്കളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം.

ആശാപ്രവർത്തകയായ റീനയും ഓട്ടോഡ്രൈവറായ മനോജും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവം നടന്ന ദിവസം റീനയ്ക്കുവന്ന ഫോൺകോളിനെപ്പറ്റി വഴക്കുണ്ടായി.റീനയും ഇവർക്കൊപ്പം താമസിക്കുന്ന അമ്മയും ഭയന്നോടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തി. മനോജിനെ വിളിച്ചുവരുത്തി അവിടെ വെച്ച് പ്രശ്നം പറഞ്ഞുതീർത്ത് വീട്ടിലേക്കയച്ചു. രാത്രി ഒരുമണിയോടെ വീണ്ടും തർക്കമുണ്ടായി. ഇറങ്ങിയോടിയ റീനയെ മനോജ് ചുടുകട്ടയെടുത്തെറിഞ്ഞു. വീൽസ്പാനർ കൊണ്ടടിക്കുകയും തല ഓട്ടോറിക്ഷയുടെ കമ്പിയിലും തറയിലും ഇടിക്കുകയുമായിരുന്നു.കോട്ടയം മെഡിക്കൽ കോളേജിലാണ് റീന മരിച്ചത്. പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ട മനോജിനെ ചെത്തോങ്കരയിൽനിന്ന് പിടികൂടുകയായിരുന്നു.

റാന്നി സി.ഐ. ആയിരുന്ന ടി.രാജപ്പനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. റീനയുടെ അമ്മയും രണ്ടുമക്കളുമടക്കം മൂന്ന്‌ ദൃക്സാക്ഷികളായിരുന്നു കേസിൽ. കോടതി വിചാരണ തുടങ്ങുന്നതിന് മുൻപ് 2020-ൽ അമ്മ മരിച്ചു. മക്കളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

Latest