Connect with us

Kerala

മലപ്പുറത്തിനെതിരായ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ്

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവര്‍ക്കുമേല്‍ ആരോപണങ്ങള്‍ കെട്ടിവച്ചല്ലെന്നും പി എം എ സലാം

Published

|

Last Updated

തിരുവനന്തപുരം | മലപ്പുറം ജില്ലയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മലപ്പുറത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കണം. ആരോപണത്തിന് എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ. മുഖ്യമന്ത്രിയുടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന സ്വര്‍ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരില്‍ ഏറെയും കണ്ണൂര്‍ ജില്ലക്കാരാണ്. കണ്ണൂര്‍ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയില്‍ ഇടാമോ എന്നും പി എം എ സലാം ചോദിച്ചു.

സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപോലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി. തറ നേതാവില്‍ നിന്ന് അല്പമെങ്കിലും ഉയരാന്‍ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്‌സാവഹമായ പ്രസ്താവനയാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവര്‍ക്കുമേല്‍ ആരോപണങ്ങള്‍ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അന്‍വര്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ഉത്തരവാദി മലപ്പുറം ജില്ലയാണോ? ആര്‍ എസ് എസിനെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.

മലപ്പുറത്തെ സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയെന്നും കടത്തിയ സ്വര്‍ണ്ണവും ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു പരാമര്‍ശം. മുസ്‌ലിം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ മുസ്‌ലിം വിരുദ്ധ പ്രചാരണം വരുന്നതെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു.

 

---- facebook comment plugin here -----

Latest