Connect with us

Kerala

സര്‍ക്കാറിനെതിരായ ജനവിധി; വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നു: ഉമ തോമസ്

ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

Published

|

Last Updated

കൊച്ചി | തൃക്കാക്കരയില്‍ നേടിയ ഉജ്ജ്വല വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ചരിത്ര വിജയമാണ് ജനം നല്‍കിയത്. ഇതിനെ തൃക്കാക്കരയിലെ മാത്രം വിജയമായി ചുരുക്കി കാണേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ദുര്‍ഭരണത്തിനെതിരായ ജനവിധിയാണിത്. മണ്ഡലത്തില്‍ തന്റെ വിജയത്തിനായി പരിശ്രമിച്ച മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരോടും സാധാരണ പ്രവര്‍ത്തകരോടും നന്ദി പറയുന്നു.

ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല. മറിച്ച്, പിണറായിയും സംഘവും യു ഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. അത് മനസിലാക്കി തൃക്കാക്കരക്കാര്‍ കൃത്യമായത് തിരഞ്ഞെടുത്തു. തനിക്ക് ഗംഭീര വിജയം സമ്മാനിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ അംഗ സംഖ്യ നൂറില്‍ എത്തിക്കാനുള്ള ഇടത് മുന്നണിയുടെ എല്ലാം ശ്രമങ്ങളും വിഫലമായി. അതുകൊണ്ടു തന്നെ ഈ വിജയം സര്‍ക്കാറിനുള്ള മറുപടിയാണ്.

യു ഡി എഫിന് ശക്തമായ സ്വാധീനമുള്ള സിറ്റിംഗ് സീറ്റാണെങ്കിലും ഇത്തവണ അത് പിടിച്ചടക്കാമെന്ന എല്‍ ഡി എഫിന്റെ കണക്കുകൂട്ടലുകളും വിലയിരുത്തലുകളുമെല്ലാം തകര്‍ന്നടിഞ്ഞുവെന്നതാണ് ഉമയുടെ വന്‍ വിജയം തെളിയിക്കുന്നത്. പരമാവധി 8000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍ ഇന്നലെ പോലും പറഞ്ഞിരുന്നത്. ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്ന് തന്നെയായിരുന്നു യു ഡി എഫ് നേതൃത്വം കരുതിയിരുന്നതും. എന്നാല്‍, 25,016 വോട്ടിന്റെ കനത്ത ഭൂരിപക്ഷമാണ് യു ഡി എഫിന് ജനം സമ്മാനിച്ചത്.