Connect with us

Articles

സ്വേച്ഛാധിപത്യ വാഴ്ചയുടെ പ്രതിഫലനങ്ങള്‍

ഇന്ന് ഇന്ത്യയില്‍ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുള്ള 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. അവിടങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഏകീകരണം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍ എസ് എസിന്റെ നീക്കമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം എന്ന കാര്യത്തില്‍ സംശയമില്ല. 'ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം' എന്ന ആര്‍ എസ് എസ് മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണിത്.

Published

|

Last Updated

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റി റിപോര്‍ട്ട് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ ഈ തീരുമാനം ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ബഹുത്വത്തെയും ഭരണഘടനയുടെ ഫെഡറലിസ്റ്റിക് സമീപനങ്ങളെയും അട്ടിമറിക്കാനുള്ള നീക്കമാണിത്. പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള നടപടിയാണിത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കൃത്യമായ ആര്‍ എസ് എസ് അജന്‍ഡയില്‍ ഉയര്‍ന്നുവരുന്നതാണെന്ന് മതനിരപേക്ഷ ജനാധിപത്യവാദികള്‍ മനസ്സിലാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഇന്ത്യയുടെ ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങളെയാകെ നിഷേധിക്കുന്നതും ഹിന്ദുത്വമെന്ന ഏകാത്മകതയെ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കുന്നതുമാണ് ആര്‍ എസ് എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. ആര്‍ എസ് എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഇക്കാര്യം വിചാരധാരയില്‍ തുറന്നെഴുതിയിട്ടുണ്ട്.

ഗോള്‍വാള്‍ക്കര്‍ ‘ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിര്‍വഹണ വിഭാഗം’ എന്ന ചിന്താ പദ്ധതിയില്‍ നിന്നാണ് തന്റെ ആദര്‍ശാത്മക ഹിന്ദു രാഷ്ട്രത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ഗോള്‍വാള്‍ക്കര്‍ പറയുന്നത് നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താന്‍ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ വ്യത്യാസങ്ങളെ അനുവദിച്ചുകൂടാ എന്നാണ്. ഹിന്ദിയെ ഏക ഭാഷയാക്കി ഹിന്ദു രാഷ്ട്രത്തിനാവശ്യമായ ഏകാത്മകത ഉണ്ടാക്കണമെന്നാണ് ഗോള്‍വാള്‍ക്കര്‍ നിര്‍ദേശിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും ഭാഷാ ദേശീയതകളെയും ജനാധിപത്യപരമായി ഉള്‍ക്കൊള്ളാനാണ് ഭരണഘടനയിലെ മതനിരപേക്ഷ ഫെഡറല്‍ തത്ത്വങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യയെന്ന രാഷ്ട്രത്തിനകത്തെ സ്വയംഭരണമോ അര്‍ധ ഭരണമോ ഉള്ള സ്റ്റേറ്റുകള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട് എന്നാണ് വാദിക്കുന്നത്. ഇപ്പോള്‍ ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ നീക്കങ്ങളിലൂടെ ഫെഡറലിസത്തെ പൂര്‍ണമായും കുഴിച്ചുമൂടാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയെന്ന വ്യത്യസ്ത ഭാഷാ സമൂഹങ്ങളുടെ സ്വത്വ സാക്ഷാത്കാരത്തിലൂടെ രൂപപ്പെട്ട യൂനിയന്‍ സ്റ്റേറ്റിനെ ഇല്ലാതാക്കി മതരാഷ്ട്രത്തിലേക്കുള്ള അപകടകരമായ നീക്കമാണിതെന്ന് തിരിച്ചറിയേണ്ടതും പ്രതിരോധം തീര്‍ക്കേണ്ടതും ഓരോ ജനാധിപത്യ ദേശീയവാദിയുടെയും ഉത്തരവാദിത്വമാണ്. ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യ. ഇന്ത്യയെ കണ്ടെത്തലില്‍ (ഡിസ്‌കവറി ഓഫ് ഇന്ത്യ) ജവഹര്‍ലാല്‍ നെഹ്‌റു നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയെന്നാണ് നിര്‍വചിച്ചത്.

ഇന്ന് ഇന്ത്യയില്‍ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുള്ള 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. അവിടങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഏകീകരണം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍ എസ് എസിന്റെ നീക്കമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം എന്ന കാര്യത്തില്‍ സംശയമില്ല. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം’ എന്ന ആര്‍ എസ് എസ് മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണിത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തിരക്കിട്ട് അംഗീകാരം നല്‍കിയിരിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ത്തെറിയുന്ന നീക്കത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കണം.

സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന സാമൂഹിക, സാമ്പത്തിക, സേവന മേഖലകളിലേക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ കടന്നുകയറ്റം, തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ബി ജെ പിയുടെ അസഹിഷ്ണുത, മുമ്പൊരു നേതാവിനും കഴിയാത്തവിധം രാജ്യത്തെ മാറ്റിത്തീര്‍ക്കാന്‍ ബഹുമുഖ കഴിവുള്ളയാളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രത തുടങ്ങി രാജ്യമെത്തിപ്പെട്ട സ്വേച്ഛാധിപത്യവാഴ്ചയുടെ പ്രതിഫലനവുമാണ് ഈ നീക്കം. ഇന്ത്യയുടെ വൈവിധ്യങ്ങളെ നിഷേധിക്കാനുള്ള പ്രത്യയശാസ്ത്രപരമായ അജന്‍ഡയും ഇതിനു പിന്നിലുണ്ട്. പകരം സമ്പൂര്‍ണമായ ഏകാത്മകത്വമാണ് ലക്ഷ്യം വെക്കുന്നത്. വൈവിധ്യങ്ങളുള്ള ജനതയെയും ജാതി മതങ്ങളെയും പാരമ്പര്യത്തെയും ഭാഷയെയും കോര്‍ത്തിണക്കുന്ന ‘നാനാത്വത്തിലെ ഏകത്വം’ എന്നതിനു പകരം ഏകാത്മകത്വം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിത്.

‘ഒരു രാജ്യം ഒരു നികുതി’, ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ എന്നിവ അടിച്ചേല്‍പ്പിച്ചതിനും അപ്പുറമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന അജന്‍ഡ. ഇത് നടപ്പായാല്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാരം പല മടങ്ങ് വര്‍ധിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ ഏറെ ദുര്‍ബലമാകും. സംസ്ഥാന നിയമസഭകളുടെയോ മന്ത്രിസഭകളുടെയോ കാലാവധി വെട്ടിക്കുറക്കുകയോ നീട്ടി നല്‍കുകയോ ചെയ്യുന്നത് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ തത്ത്വങ്ങള്‍ക്കും ഭരണനിര്‍വഹണ സമിതികള്‍ക്ക് നിയമനിര്‍മാണ സഭകളോടുള്ള ഉത്തരവാദിത്വത്തിനും എതിരാണ്. ഫലത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കേന്ദ്ര സര്‍ക്കാറിന്റെ അധികാര കേന്ദ്രീകരണവും ഫെഡറലിസത്തിന്റെ നാശവുമായിരിക്കും. സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ നീട്ടി നല്‍കാനോ രാഷ്ട്രപതിക്ക് നല്‍കുന്ന അധികാരം, അതായത് കേന്ദ്ര സര്‍ക്കാറിന് നല്‍കുന്ന അധികാരം, സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ നിയമസഭാ സാമാജികരുടെയും അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങള്‍ക്ക് അവരുടെ ഇച്ഛയ്ക്കനുസരിച്ചുള്ള സര്‍ക്കാറുകള്‍ ഉണ്ടാകുക എന്നതും നിയന്ത്രിക്കപ്പെടും.

ഇപ്പോള്‍ത്തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെയും നിയമസഭകളുടെയും അവകാശങ്ങള്‍ക്കു മേല്‍ ഗവര്‍ണര്‍മാര്‍ നിരന്തരം കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരേസമയം തിരഞ്ഞെടുപ്പ് വന്നാല്‍ അധികാരം മുഴുവന്‍ കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഗവര്‍ണര്‍മാര്‍ വൈസ്രോയിമാരെപ്പോലെ പ്രവര്‍ത്തിക്കുന്ന സ്ഥിതി ഉണ്ടാകും.

2014 മുതല്‍ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദി പറഞ്ഞു തുടങ്ങിയിരുന്നു. 2020ല്‍ പറഞ്ഞത്, ‘ഇത് ചര്‍ച്ചക്ക് വിധേയമാക്കേണ്ടതല്ല, മറിച്ച് രാജ്യത്തിന്റെ അനിവാര്യതയാണ്’ എന്നായിരുന്നു. ബി ജെ പി 2024ലെ പ്രകടനപത്രികയിലും ഇത് ആവര്‍ത്തിച്ചിരുന്നു. ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലാതിരിക്കെ നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമുള്ള ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദേശം ഇപ്പോള്‍ അംഗീകരിച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുമുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാറിന് പല തീരുമാനങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്ന സാഹചര്യത്തില്‍ നൂറ് ദിവസത്തിനുള്ളില്‍ വലിയ തീരുമാനങ്ങള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കലാകാം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ രൂപംകൊണ്ട ‘ഇന്ത്യ കൂട്ടായ്മ’ പ്രതിപക്ഷമെന്ന നിലക്ക് പാര്‍ലിമെന്റിനകത്തും പുറത്തും അംഗീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നത് ആര്‍ എസ് എസിനെയും ബി ജെ പിയെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ സങ്കുചിത ദേശീയവാദം ഉയര്‍ത്തി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെത്തന്നെയും അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ
വിപുലമായ പ്രചാരണവുമായി ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ട സമയമാണിത്.

ആര്‍ എസ് എസ് അജന്‍ഡയില്‍ നിന്ന് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഒറ്റ തിരഞ്ഞെടുപ്പില്‍ നിന്ന് ഒറ്റ പാര്‍ട്ടിയിലേക്കും ഒറ്റ നേതാവിലേക്കും രാജ്യത്തെ എത്തിക്കാനുള്ള നിയമപരമായ സാഹചര്യമുണ്ടാക്കലാണ്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും യഥാസമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ചിലപ്പോള്‍ കാലമെത്താതെ ഭരണഘടനാപരമായ കാരണങ്ങളാല്‍ തന്നെ സഭ പിരിച്ചുവിടപ്പെടാം. അപ്പോള്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുകയെന്നതാണ് ഭരണഘടനയുടെ നിദര്‍ശനം. പാര്‍ലിമെന്ററി സംവിധാനത്തിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം അട്ടിമറിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികളാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുള്ളത്. കമ്മിറ്റി റിപോര്‍ട്ട് നിര്‍ദേശമനുസരിച്ച് പതിനെട്ടോളം ഭരണഘടനാ ഭേദഗതികള്‍ ഒറ്റ തിരഞ്ഞെടുപ്പിനു വേണ്ടി നടത്തേണ്ടിവരും. ഭരണഘടനയുടെ ഫെഡറല്‍ ജനാധിപത്യ സംവിധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ നീക്കത്തെ പ്രതിരോധിക്കേണ്ടതുണ്ട്.

 

Latest