Kerala
റഫ്രിജറേറ്റര്‍ തുടര്‍ച്ചയായി തകരാറിലായി: ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്.
കൊച്ചി | പലതവണ റിപ്പയര്‍ ചെയ്തിട്ടും റഫ്രിജറേറ്റര്‍ പ്രവര്‍ത്തനക്ഷമമാകാത്തതില്‍ നിര്‍മാണ ന്യൂനതയുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ചു. എറണാകുളം ചെറായി സ്വദേശി എന്‍ എം മിഥുന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.
പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് മിഥുന്‍ പുതിയ സാംസങ് റഫ്രിജറേറ്റര്‍ വാങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ പലതവണകളിലായി റെഫ്രിജറേറ്റര്‍ തകരാറിലാവാന്‍ തുടങ്ങി. തുടര്‍ന്ന് ടെക്‌നീഷ്യന്‍ പരിശോധിച്ച് റെഫ്രിജറേറ്ററിന്റെ പല ഘടകങ്ങളും മാറ്റി പുതിയത് വെക്കേണ്ട സാഹചര്യവുമുണ്ടായി. ഇതിനെല്ലാം തന്നെ നല്ലൊരു തുക പരാതികാരന് ചെലവാകുകയും ചെയ്തു. എന്നാല്‍ ഓരോ തവണയായി ഉണ്ടായ പ്രശ്‌നങ്ങള്‍ വലിയ തുക നല്‍കി പരിഹരിച്ചെങ്കിലും റെഫ്രിജറേറ്റര്‍ പ്രവര്‍ത്തനരഹിതമായി. ഇതേതുടര്‍ന്ന് പിന്നീട് മിഥുന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
ഇങ്ങനെ തുടര്‍ച്ചയായി തകരാറിലാകുന്നത് നിര്‍മാണത്തില്‍ സംഭവിച്ച ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കുകയായിരുന്നു. റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്.