Connect with us

Kerala

ലോക കേരള സഭാ മേഖലാ സമ്മേളനം യു എസിലും സഊദിയിലും; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കും

ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സഊദി അറേബ്യയിലുമാണ് സമ്മേളനം.

Published

|

Last Updated

തിരുവനന്തപുരം | ലോക കേരള സഭയുടെ ഈ വര്‍ഷത്തെ മേഖലാ സമ്മേളനങ്ങള്‍ അമേരിക്കയിലും സഊദി അറേബ്യയിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സഊദി അറേബ്യയിലുമാണ് സമ്മേളനം. ഇതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി സബ് കമ്മിറ്റി രൂപവത്കരിച്ച് പ്രവാസി കാര്യ വകുപ്പ് ഉത്തരവിറക്കി. സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കും.

ലോക കേരളസഭയില്‍ പങ്കെടുക്കുന്ന മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ലോക കേരള സഭ പോലുള്ളവക്കായി പണം ചെലവഴിക്കണോ എന്ന ചോദ്യവുമായി പ്രതിപക്ഷം ഇത്തവണയും രംഗത്തെത്തിയിട്ടുണ്ട്.

പ്രമുഖ വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, എം അനിരുദ്ധന്‍ എന്നിവരും നോര്‍ക്കയിലെയും പ്രവാസികാര്യ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ലോക കേരള സഭയില്‍ അംഗങ്ങളാണ്. ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ കൂടി കേള്‍ക്കാനും പരിഹരിക്കാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2019ല്‍ യു എ ഇയിലായിരുന്നു ആദ്യ മേഖലാ സമ്മേളനം. 2022 ഒക്‌ടോബറില്‍ ലണ്ടനില്‍ വച്ചാണ് അവസാന മേഖലാ സമ്മേളനം നടന്നത്. ലണ്ടനിലെ സമ്മേളന കാലത്ത് യൂറോപ്യന്‍ യാത്രക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മന്ത്രിമാരുടെ വിദേശ യാത്ര ധിക്കാരമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ലോകകേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നത് ധിക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് വാഹനങ്ങള്‍ക്ക് ഡീസലടിക്കാന്‍ പോലും പണമില്ലാതിരിക്കെയാണ് ലോക കേരളസഭയുടെ പേരില്‍ അമേരിക്കയിലേക്കും സഊദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണിത്.

പഞ്ചായത്തുകളുടെ തനത് ഫണ്ട് പോലും സര്‍ക്കാര്‍ കവര്‍ന്നെടുത്തു. 200 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സാമൂഹിക പെന്‍ഷനുകളോ അത് വിതരണം ചെയ്യുന്നവര്‍ക്കുള്ള തുകയോ നല്‍കുന്നില്ല. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയും മുടങ്ങി. കെ എസ് ആര്‍ ടി സിയെ പൂര്‍ണമായും ഉപേക്ഷിച്ചു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പ് കുത്തുന്നത്. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 125 കോടി രൂപ അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.