Connect with us

real estate

സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ക്രമവത്കരിക്കും; പഞ്ചായത്തുകള്‍ ജാഗ്രത കാട്ടണമെന്ന് അതോറിറ്റി

റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്ന് പാര്‍പ്പിടങ്ങള്‍  വാങ്ങുമ്പോള്‍ കെ-റെറ രജിസ്‌ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ക്രമവത്കരിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമായി പൊതുജനങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ചെയര്‍മാന്‍ പി എച്ച് കുര്യന്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റുമായി  ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവർക്കും  പൊതുജനങ്ങള്‍ക്കുമായി കേരള റിയല്‍ അതോറിറ്റി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബോധവത്കരണ പരിപാടികള്‍ നടത്തിവരികയാണ്.

പത്തനംതിട്ടയില്‍ നിയമപരമായ സാധുത ഉറപ്പാക്കി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവരുടെ എണ്ണം കുറവാണ്. ഇക്കാര്യങ്ങളില്‍ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത കാട്ടണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്ന് പാര്‍പ്പിടങ്ങള്‍  വാങ്ങുമ്പോള്‍ കെ-റെറ രജിസ്‌ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപന രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ റെറയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ രേഖകള്‍ ഉറപ്പാക്കണം. കേരളത്തില്‍ രജിസ്റ്റര്‍  ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും ഭൂരേഖകളും നിയമപ്രകാരമുള്ള അനുമതികളും  നിര്‍മാണ പുരോഗതി ഉള്‌പ്പെടെയുള്ള വിവരങ്ങളും rera.kerala.gov.in എന്ന വെബ് പോർട്ടലില്‍  ലഭ്യമാണ്.

2017 മെയ് ഒന്നിനു മുമ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ച പ്രൊജക്ടുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇവയെല്ലാം നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും അനുമതികളെല്ലാം ലഭ്യമാക്കിയിട്ടുണ്ടോ എന്നും അതോറിറ്റി പരിശോധിച്ച് ഉറപ്പാക്കും. ബേങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും ഇനിമുതല്‍ ‘റെറ’ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സംസ്ഥാനത്തൊട്ടാകെ 784 പദ്ധതികളും 269 ഏജന്റുമാരുമാണ് ഇതേവരെ കെ-റെറയില്‍ രജിസ്റ്റര്‍  ചെയ്തിട്ടുള്ളത്. ഇപ്പോഴും രജിസ്‌ട്രേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഒമ്പത് പ്രൊജക്ടുകളും എട്ട് ഏജന്റുമാരും മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,256 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിൽ 773 എണ്ണം തീര്‍പ്പാക്കി.  അതോറിറ്റി അംഗം പ്രീത മേനോന്‍, സെക്രട്ടറി വൈ ഷീബാ റാണി എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.

Latest