Kerala
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം; സംസ്ഥാനം സ്വന്തം നിലയില്‍ തുക കണ്ടെത്തണമെന്ന് കേന്ദ്രം
പുനരധിവാസത്തിന് കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം.
![](https://assets.sirajlive.com/2025/02/munda-897x538.jpg)
കൊച്ചി | വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ തുക കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഷയത്തില്‍ സംസ്ഥാനം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.
പുനരധിവാസത്തിന് കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ മുക്കാല്‍ ഭാഗം തുക ചെലവഴിച്ച ശേഷം വിവരം അറിയിക്കാനും ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വായ്പയ്ക്ക് കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നല്‍കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചിരുന്നു.