Kerala
വയനാട്ടില്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തി ; പുനരധിവാസത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും: മുഖ്യമന്ത്രി
കേരളത്തിനുള്ള അധിക സഹായം കേന്ദ്രം ലഭ്യമാക്കുമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു വിശ്വസിക്കുന്നത്
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഇടപടെല്‍ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചുവെന്നും ടി സിദ്ദിഖ് എംല്‍എ നിയമ സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷവുമായി നാളെ ചര്‍ച്ച നടത്തും. ദുരന്തഭൂമിയില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. 1013 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കി . കേന്ദ്ര സഹായം ഇതുവരെ ലഭ്യമായിട്ടില്ല. കേരളത്തിനുള്ള അധിക സഹായം കേന്ദ്രം ലഭ്യമാക്കുമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു വിശ്വസിക്കുന്നത്. 17 പേര്‍ക്ക് 26 ലക്ഷം രൂപ വൈദ്യ സഹായമായി നല്‍കി. 131 കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം നല്‍കി. 1013 പേര്‍ക്ക് പതിനായിരും രൂപ വീതം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മരണ രജിസട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും, ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയില്‍ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റും ഫര്‍ണിച്ചര്‍ സാമഗ്രികളും നല്‍കി. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികള്‍ ഉറപ്പാക്കുകയും ചെയ്തു-മുഖ്യമന്ത്രി പറഞ്ഞു
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഇനിയും മുക്തമായിട്ടില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തില്‍ കാണുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ടി സിദ്ദിഖ് പറഞ്ഞു.ദുരന്ത ബാധിതര്‍ക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 2019 ല്‍ പുത്തുമല ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്ന വ്യക്തി ചികിത്സക്ക് പണമില്ലാതെ, സര്‍ജറിക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഈ സാഹചര്യം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്ക് ഉണ്ടാകരുതെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്.
പുനരധിവാസം എന്നത് ഒരു കോണ്‍ക്രീറ്റ് ഭവനം എന്നതിലുപരി, അവരുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക പുരോഗതി തുടങ്ങിയ സമഗ്രതല സ്പര്‍ശിയായ വികാസമാണ് ഉണ്ടാകേണ്ടത്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിനായി വലിയ ഏകോപനം ഉണ്ടാകേണ്ടതാണ്. 200 മി.മി മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം ജിഎസ്ഐ റിപ്പോര്‍ട്ട് പ്രകാരം, ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്. 2019 ല്‍ പുത്തുമല ഉരുള്‍പൊട്ടല്‍, 2020 ല്‍ ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടി, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും ഇതിനു സമീപത്താണ്.ഇത്രയും ഗുരുതരമായ സാഹചര്യം ഈ സ്ഥലത്തുണ്ടായിട്ടും മഴയെ അളക്കാന്‍, അതിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിയാതെ പോയതാണ് ഈ വലിയ ദുരന്തത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യമെന്ന് ചൂണ്ടിക്കാട്ടുകയാണ്. ദുരന്ത പ്രദേശത്ത് പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നി. ഒന്നര മണിക്കൂര്‍ കൂടുതല്‍ സമയമെടുത്ത് പ്രധാനമന്ത്രി എല്ലായിടവും സന്ദര്‍ശിച്ചു. എന്നാല്‍ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതില്‍ നയാപൈസ അനുവദിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.
വയനാട്ടില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് കെ കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ലോകത്തിന് മാതൃകയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തി. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടിയെന്നും കെ കെ ശൈലജ ചോദിച്ചു
ു.ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് തുടര്‍ചികിത്സയ്ക്ക് പാക്കേജ് വേണമെന്ന് ഐ സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ കനത്ത മഴയുടെ വാര്‍ത്ത വന്നിട്ടും ജില്ലാ ഭരണകൂടം ഒഴിപ്പിക്കല്‍ നടത്തിയില്ല. അത് വീഴ്ചയാണ്. കേന്ദ്രം പുനരധിവാസത്തിന് സഹായിച്ചില്ലെന്നും ഐ സി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
മഴ മുന്നറിയിപ്പുകള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തണം. കടമെഴുതി തള്ളിയാലേ ദുരന്തബാധിതരെ സംരക്ഷിക്കാന്‍ കഴിയൂവെന്ന് ഇ കെ വിജയന്‍ പറഞ്ഞു.പ്രകൃതി ദുരന്തങ്ങള്‍ക്കായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് രൂപീകരിക്കണം. വയനാടിന് സഹായം അനുവദിക്കാത്ത കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹമെന്നും കെ കെ രമ പറഞ്ഞു. പുനരധിവാസത്തിന് ഭൂമി പ്രധാനമാണ്. വാസയോഗ്യമെന്ന് ഒറ്റയടിക്ക് തോന്നിയാലും ഭൂമിയുടെ പ്രത്യേകതയും ദുരന്തസാധ്യതയും ഗവേഷണത്തിലൂടെ മനസ്സിലാക്കിയേ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാവൂ എന്ന് മോന്‍സ് ജോസഫ് പറഞ്ഞു.കേന്ദ്രം പക്ഷപാതിത്വം കാണിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസം വേഗത്തിലാക്കണണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു