Connect with us

തെളിയോളം

നിരസിച്ചോട്ടെ, നീരസം വേണ്ട

തിരസ്കരണം ശരിക്കും അംഗീകാരത്തിന്റെ വിപരീമായി കാണാതിരിക്കുക. അത് നമ്മെ വളർത്താനുള്ള പ്രകൃതി നിയമമായി എടുക്കാം. ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും അത് അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. ഇത് ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ മൂല്യത്തെ പ്രതിനിധീകരിക്കുന്നില്ല.ഒഴിവാക്കപ്പെടുന്നത് വ്യക്തിപരമായ പോരായ്മയായിട്ടല്ല, മറിച്ച് മനുഷ്യാനുഭവത്തിന്റെ ഭാഗമായി ഉൾക്കൊള്ളണം.

Published

|

Last Updated

“നിങ്ങളുടെ മൂല്യം കാണാനുള്ള ഒരാളുടെ കഴിവില്ലായ്മയെ അടിസ്ഥാനമാക്കി നിങ്ങളുടെ മൂല്യം കുറയുന്നില്ല.’ നിരസിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഉള്ളിൽ ഉറച്ചു പറയേണ്ട വാക്കുകളാണിത്. നിരസിക്കപ്പെടുന്നത് നിങ്ങളുടെ യഥാർഥ മൂല്യത്തിന്റെ പ്രതിഫലനമായി കാണേണ്ടതില്ല. അത് മറ്റൊരാളുടെ നിങ്ങളെക്കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള ഒരു അഭിപ്രായം മാത്രമാണ്. “നിങ്ങൾ തിരഞ്ഞെടുത്ത പാത ശരിയല്ലെന്ന് നിങ്ങളോട് പറയാനുള്ള പ്രപഞ്ചത്തിന്റെ മാർഗമാണ് നിരസിക്കൽ. പുതിയ സാധ്യതകളുടെ മാന്ത്രികതക്ക് കീഴടങ്ങുക.’ എഴുത്തുകാരനും ന്യൂ ഏജ് ഗുരുവുമായ ദീപക് ചോപ്രയുടെ ഈ വചനം നിരസിക്കപ്പെടുന്നവർക്ക് മനഃശക്തി പകരുന്നതാണ്.

മറ്റുള്ളവരാൽ തിരസ്‌കരിക്കപ്പെടുമ്പോൾ കുറ്റബോധം, നിരാശ, ദുഃഖം അല്ലെങ്കിൽ നഷ്ടബോധം ഇതൊക്കെ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ജോലിസ്ഥലത്ത് അർഹമായ പ്രാതിനിധ്യമോ അംഗീകാരമോ കിട്ടാതിരിക്കുക, ഒരാളുമായുള്ള പ്രണയ/സൗഹൃദ ബന്ധം അവസാനിപ്പിക്കുക, ഒരു ഗ്രൂപ്പിനുള്ളിൽ അവഗണനയുടെ തരത്തിലുള്ള പെരുമാറ്റം സുഹൃത്തുക്കളിൽ നിന്നുണ്ടാവുക, ഒരു പൊതു ഇടത്തിൽ സുപ്രധാനമായ ഒരഭിപ്രായം പറഞ്ഞതിനെ എല്ലാവരും കൂടി സമ്പൂർണമായും തള്ളുക തുടങ്ങി ഒരു വ്യക്തിക്ക് നിരസിക്കപ്പെട്ടതായി തോന്നുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടാകാം. ഏത് തിരസ്‌കരണവും വേദനിപ്പിക്കുന്നതാണ്, ചില തിരസ്‌കരണങ്ങൾ മറ്റുള്ളവയേക്കാൾ വേദനാജനകമായിരിക്കും. നിരസിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് വികാരങ്ങൾ പലപ്പോഴും തീക്ഷ്ണവുമായിരിക്കും. കാരണം അധികമാളുകളും സാമൂഹിക ഇടപെടലും സ്വീകാര്യതയും ആഗ്രഹിക്കുന്നവരാണ്.

തിരസ്കരണത്തിന്റെ വൈകാരിക ആഘാതം അതി തീവ്രമായി നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ, ശാന്തമായി എന്താണ് താൻ അനുഭവിക്കുന്നതെന്ന് അൽപ്പം മാറി നിന്ന് നമ്മെ തന്നെ നിരീക്ഷിക്കുന്നത് അതിനെ നിയന്ത്രിക്കാൻ സഹായിക്കും. ശക്തമായ കൊടുങ്കാറ്റിന്റെ സമയത്ത് പുറത്തായിരിക്കുന്നതും സുഖപ്രദമായ ക്യാബിനിനുള്ളിൽ ഇരുന്ന് ജനാലയിലൂടെ കൊടുങ്കാറ്റ് വീക്ഷിക്കുന്നതും തമ്മിലുള്ള വ്യത്യാസമായി ഇതിനെ മനസ്സിലാക്കാം. ഇത് കൊടുങ്കാറ്റിനെ തടയണമെന്നില്ല, പക്ഷേ നിരീക്ഷിക്കാൻ തക്കതായ ഒരു അഭയസ്ഥാനം അത് നിങ്ങൾക്ക് നൽകുന്നു. മനസ്സാന്നിധ്യത്തോടെയുള്ള ഈ ശ്രദ്ധിക്കൽ അല്ലെങ്കിൽ നിരീക്ഷണം അപ്പോൾ നമ്മുടെ ശരിയായ വികാരം എന്തെന്ന് സ്വയം ഉൾക്കൊള്ളാനും അനുഭവപ്പെട്ട മനോവേദന ലഘൂകരിക്കാനും നിരസിച്ചവരോട് തന്നെ ക്രിയാത്മക സൗഹൃദത്തോടെ തുടരാനും നമുക്ക് കരുത്തു തരുമെന്നുറപ്പാണ്.

ഒരു സുഹൃത്തോ മേലധികാരിയോ കുടുംബാംഗമോ മറ്റാരെങ്കിലുമോ നിങ്ങളെ ബോധപൂർവം ഒഴിവാക്കുന്നതായി തോന്നുന്ന വിധത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ, ഒരു കടുത്ത പ്രതികരണം ഉന്നയിക്കാനുള്ള പ്രേരണക്കൊപ്പം നിങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിന്റെ വർധിച്ച ദേഷ്യവും അനുഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് പരിശോധിച്ച് കണ്ടെത്താം. ഇങ്ങനെ “എനിക്ക് എന്ത് വികാരമാണ് തോന്നുന്നത്’ എന്ന സ്വയം ചോദ്യം നിരന്തരം പരിശീലിക്കുന്നത് അവയെ നിയന്ത്രിക്കാനുള്ള നിങ്ങളുടെ വൈദഗ്ധ്യം വർധിപ്പിക്കും. സമാനമായ തിരസ്‌കരണമോ അവഗണനയോ നേരിട്ട നിങ്ങളെപ്പോലെ കഷ്ടപ്പെടുന്ന പ്രിയപ്പെട്ട ഒരാളോട് നിങ്ങൾ എന്താണ് പറയുക എന്ന് ചിന്തിക്കുന്നതും നിങ്ങളെ ഇക്കാര്യത്തിൽ ശക്തനാക്കും.

അല്ലെങ്കിൽ, നിങ്ങൾക്ക് അറിയാവുന്ന പാണ്ഡിത്യവും അനുകമ്പയും ഉള്ള ഒരു മഹത് വ്യക്തി തിരസ്കരണത്തെ നേരിടുന്നതിന് നിങ്ങളെ സഹായിക്കാൻ വേണ്ടി എന്ത് പറയുമെന്ന് സങ്കൽപ്പിക്കുന്നതും നല്ലതാണ്.

തിരസ്കരണം ശരിക്കും അംഗീകാരത്തിന്റെ വിപരീമായി കാണാതിരിക്കുക. അത് നമ്മെ വളർത്താനുള്ള പ്രകൃതി നിയമമായി എടുക്കാം. ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും അത് അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. ഇത് ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ മൂല്യത്തെ പ്രതിനിധീകരിക്കുന്നില്ല. ഒഴിവാക്കപ്പെടുന്നത് വ്യക്തിപരമായ പോരായ്മയായിട്ടല്ല, മറിച്ച് മനുഷ്യാനുഭവത്തിന്റെ ഭാഗമായി ഉൾക്കൊള്ളണം.

ഈ ധാരണ നമ്മുടെ പ്രതിരോധശേഷി വളർത്തുന്നതിനും ആത്മാഭിമാനം വർധിപ്പിക്കുന്നതിനും തിരിച്ചടികൾക്കും നിരാശകൾക്കും ആരോഗ്യകരവും കൂടുതൽ ക്രിയാത്മകവുമായ സമീപനം നിർമിക്കാനും സഹായിക്കും. തിരസ്കാരം തീർച്ചയായും നമ്മിൽ വേദന ഉണ്ടാക്കും. എന്നാൽ ഇതുവഴി ഉണ്ടാകുന്ന അസ്വാസ്ഥ്യത്തെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യരുത്. സ്വയം ശ്രദ്ധയോടെ പെരുമാറുകയും ഉയർന്ന വൈകാരിക ബുദ്ധിയോടെ അതിനെ കൈകാര്യം ചെയ്യുകയും വേണം.

---- facebook comment plugin here -----

Latest