National
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിക്ക് ഒപ്പം പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിങ്, രവീന്ദ്ര ഇന്ദാര്‍ജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് ജയിച്ച രേഖ ശര്‍മ.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എന്‍ ഡി എ മുഖ്യമന്ത്രിമാരും സംബന്ധിച്ചു.
വേദിയില്‍ വിവിധ മത ആചാര്യന്മാര്‍ക്കും പൗര പ്രമുഖര്‍ക്കും പ്രത്യേക ഇടം ഒരുക്കിയിരുന്നു.
ബി ജെ പി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. എ ബി വി പി നേതാവായിരുന്നു ഹരിയാനയില്‍ ജനിച്ച രേഖ ഗുപ്ത. നേരത്തെ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായിരുന്നു. 2007 ല്‍ ആദ്യമായി ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2012 ലും 2022 ലും ജയം ആവര്‍ത്തിച്ചു. ബി ജെ പിയിലും മഹിള മോര്‍ച്ചയിലും വിവിധ പദവികള്‍ വഹിച്ചു.
ഡല്‍ഹിയില്‍ ശക്തമായ വോട്ട് അടിത്തറയുള്ള ബനിയ വിഭാഗത്തില്‍പെട്ട നേതാവാണ് രേഖ ഗുപ്ത. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ്. സമുദായ സമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ തീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രി പദമെന്നാണ് വിലയിരുത്തല്‍.