Kerala
മക്കള്‍ പിതാവായ സ്വാമിയെ സമാധിയിരുത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും
ആറുവിളാകം സ്വദേശി ഗോപന്‍ സ്വാമിയെയാണ് മകനും പൂജാരിയും ചേര്‍ന്ന് മണ്ഡപം കെട്ടി സമാധിയിരുത്തിയത്
തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ മക്കള്‍ പിതാവായ സ്വാമിയെ സമാധിയിരുത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. ആറുവിളാകം സ്വദേശി ഗോപന്‍ സ്വാമിയെയാണ് മകനും പൂജാരിയും ചേര്‍ന്ന് മണ്ഡപം കെട്ടി സമാധിയിരുത്തിയത്.
കാവുവിളാകത്ത് ഗോപന്‍ സ്വാമി കൈലാസനാഥ ക്ഷേത്രം എന്ന പേരില്‍ സ്വകാര്യ ക്ഷേത്രം നിര്‍മിച്ചിരുന്നു. ആക്ഷേത്രത്തിന്റെ ആചാര്യഗുരു എന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്. ഇന്നലെ മരിച്ചതിന് പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളില്‍ മൃതദേഹം വെച്ച് സ്ലാബ് കൊണ്ട് മൂടി എന്നാണ് മകനും ക്ഷേത്രത്തിലെ പൂജാരിയും പോലീസിനോട് പറഞ്ഞത്. സമാധിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന പരാതി വന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പോലീസ് നീക്കം.
പിതാവ് സമാധിയായി എന്നു മക്കള്‍ പോസ്റ്റര്‍ പതിച്ചതു കണ്ടപ്പോഴാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞത്. മരിച്ചത് അറിയിക്കാതെ മൃതദേഹം മറവ് ചെയ്തതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു.പരാതിക്ക് പിന്നാലെ നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മണ്ഡപം പൂട്ടിയ ശേഷം കാവല്‍ ഏര്‍പ്പെടുത്തി. മകന്റെയും പൂജാരിയുടെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. ആര്‍ ഡി ഒയുടെ നിര്‍ദേശത്തിന് ശേഷമാകും തുടര്‍ നടപടികള്‍. കേസില്‍ ദുരൂഹത ആരോപിച്ചതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.