ഫെഡറൽ
ബന്ധുക്കൾ ശത്രുക്കൾ
ട്വിസ്റ്റോട് ട്വിസ്റ്റാണ് ത്രിപുരയില്‍. പ്രധാന പ്രതിപക്ഷ കക്ഷി ഭരണസഖ്യത്തിനൊപ്പം ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നു.
ട്വിസ്റ്റോട് ട്വിസ്റ്റാണ് ത്രിപുരയില്‍. പ്രധാന പ്രതിപക്ഷ കക്ഷി ഭരണസഖ്യത്തിനൊപ്പം ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നു. ദീര്‍ഘകാലം വൈരികളായിരുന്ന കക്ഷികള്‍ ഇത്തവണയും തോളോടുതോള്‍ ചേര്‍ന്ന് ഭരണകക്ഷികള്‍ക്കെതിരെ പോരാടുന്നു.
വെസ്റ്റ് ത്രിപുര, ഈസ്റ്റ് ത്രിപുര എന്നിങ്ങനെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തുള്ളത്. രണ്ടിലും 2019 മുതല്‍ ബി ജെ പിയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
തിപ്ര മോത്ത
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രംഗത്തുവന്ന തിപ്ര മോത്ത പാര്‍ട്ടിയാണ് കഴിഞ്ഞ മാസം ബി ജെ പിക്കൊപ്പം ചേര്‍ന്നത്. ഇതോടെ ഈസ്റ്റ് ത്രിപുര മണ്ഡലം തിപ്ര മോത്തക്ക് നല്‍കി. പാര്‍ട്ടി സ്ഥാപകന്‍ മുന്‍ രാജകുടുംബാംഗമായ പ്രദ്യോദ് ദേബ് ബര്‍മയുടെ സഹോദരി മഹാറാണി കൃതി സിംഗ് ദേബ് ബര്‍മയാണ് സ്ഥാനാര്‍ഥി.
ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് മുന്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന പ്രദ്യോദ്. യുവാവായ ഇദ്ദേഹം ക്രൗഡ് പുള്ളറാണ്. അതിന്റെ ഫലമാണ് നിയമസഭാ കന്നിയങ്കത്തില്‍ 13 സീറ്റ് നേടി പ്രധാന പ്രതിപക്ഷ കക്ഷിയായത്. 42 സീറ്റുകളിലായിരുന്നു പാര്‍ട്ടി മത്സരിച്ചത്. മറ്റൊരു ഗോത്ര പാര്‍ട്ടിയായ ഐ പി എഫ് ടിയുടെ വോട്ട് ബേങ്കാണ് തിപ്ര തകര്‍ത്തത്. 2018ല്‍ ഐ പി എഫ് ടിയെ കൂട്ടുപിടിച്ചാണ് ബി ജെ പി അട്ടമറി വിജയം നേടിയത്. തിപ്ര കൂടിയെത്തിയതോടെ ഭരണസഖ്യത്തിന് 47 പേരുടെ ഭൂരിപക്ഷമായി. 60 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 33ഉം മറ്റൊരു ഭരണകക്ഷിയായ ഐ പി എഫ് ടിക്ക് ഒന്നും പേരാണുള്ളത്. ബംഗാള്‍ മാതൃകയില്‍ ഒന്നിച്ച് മത്സരിച്ച സി പി എമ്മിന് പത്തും കോണ്‍ഗ്രസ്സിന് മൂന്നും സീറ്റുണ്ട്. അതേസമയം, കൃതിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ തിപ്ര മോത്തയിലെയും ബി ജെ പിയിലെയും ഗോത്ര പ്രവര്‍ത്തകര്‍ക്ക് വലിയ അതൃപ്തിയുണ്ട്.
ബി ജെ പിയെ നഖശിഖാന്തം എതിര്‍ത്ത് ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് ആവശ്യവുമായി രംഗത്തെത്തിയ തിപ്ര മോത്ത ഒടുവില്‍ ‘കൂറുമാറിയത്’ ഭരണകക്ഷിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനത്തിലേറെ വോട്ടുകളുള്ള ഗോത്ര വിഭാഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരാണ് സഖ്യത്തിലെ തിപ്രയും ഐ പി എഫ് ടിയും (ഐ പി എഫ് ടിയില്‍ നിന്ന് തിപ്രയിലേക്ക് കൂറുമാറുന്നവര്‍ കുറെയുണ്ടെങ്കിലും). ഭരണവിരുദ്ധ വികാരവും ഡബിള്‍ എന്‍ജിന്‍ വാഗ്ദാനങ്ങള്‍ ജലരേഖയായതും അക്രമവും അഴിമതിയുമെല്ലാം ബി ജെ പി സര്‍ക്കാറിനെ തിരിഞ്ഞുകുത്തുകയും ചെയ്യുമ്പോള്‍ തിപ്രയുടെ വരവ് അതിനെയെല്ലാം മറികടക്കാന്‍ സഹായിക്കുന്നു.
കാല്‍ നൂറ്റാണ്ടിലെ ചുവപ്പ്
ഇടതിന്റെ കാല്‍ നൂറ്റാണ്ട് നീണ്ട ത്രിപുര ഭരണത്തിന് അറുതിയായിട്ട് 2018ല്‍ ബി ജെ പി സര്‍ക്കാറിന് നേതൃത്വം നല്‍കിയ ബിപ്ലബ് കുമാര്‍ ദേബിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്പത് മാസം ശേഷിക്കെ മാറ്റിയത് ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായി പ്രാപിച്ചതിനാലായിരുന്നു. പാര്‍ട്ടിയിലെ പാളയത്തില്‍ പട മറ്റൊരു കാരണമാണ്.
ഇന്നിപ്പോള്‍ വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തില്‍ ബിപ്ലബ് കുമാര്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി. ഈ നീക്കത്തില്‍ പക്ഷേ സിറ്റിംഗ് എം പിയും കേന്ദ്ര സഹമന്ത്രിയുമായ പ്രതിമ ഭൗമിക് വലിയ നിരാശയിലാണ്. ദേബിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം അവര്‍ ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുത്തിട്ടില്ല. സിപാഹജല ജില്ലയില്‍ ഇവര്‍ക്ക് നല്ല സ്വാധീനമുണ്ട്. ഗോത്രവിഭാഗക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ നിരാശയുണ്ട്. വെസ്റ്റ് ത്രിപുരയില്‍ ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാണ്.
ഗോത്രം, കുടിയേറ്റം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതുസ്വഭാവം പോലെ അനധികൃത കുടിയേറ്റവും സി എ എയും ഗോത്ര പ്രശ്‌നങ്ങളും അവരുടെ സ്വത്വവുമെല്ലാം തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. തിപ്ര മോത്തയും ഇത്തരം വിഷയങ്ങളെ ആഴത്തില്‍ അഭിസംബോധന ചെയ്യുകയും കേന്ദ്ര സര്‍ക്കാറുമായി ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്ത ശേഷമാണ് ബി ജെ പിക്കൊപ്പം ചേര്‍ന്നതെന്നത് ചേര്‍ത്തുവായിക്കാം.
ഗോത്ര വിഭാഗങ്ങളുടെ ചരിത്രം, ഭൂമിയവകാശം, രാഷ്ട്രീയ അവകാശങ്ങള്‍, വികസനം, സ്വത്വം, സംസ്‌കാരം, ഭാഷ അടക്കമുള്ള നിരവധി വിഷയങ്ങളിലായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും തിപ്ര മോത്തയും ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍. 1988ലും സമാന ഉടമ്പടിയും രാഷ്ട്രീയ നീക്കവുമുണ്ടായിരുന്നു. അന്ന് ബി കെ ഹറാംഖ്വാള്‍ നേതൃത്വം നല്‍കിയ ത്രിപുര നാഷനല്‍ വളണ്ടിയേഴ്സ് (ടി എന്‍ വി) എന്ന സായുധ സംഘം രാജീവ് ഗാന്ധി സര്‍ക്കാറുമായി ഉടമ്പടിയിലെത്തുകയും ടി എന്‍ വി മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി കോണ്‍ഗ്രസ്സ് സഖ്യത്തില്‍ ചേരുകയും ചെയ്തിരുന്നു.
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള ആക്രമണവും ഭരണപോരായ്മയും വികസന മുരടിപ്പും വാഗ്ദാന ലംഘനവും സി എ എയുമൊക്കെയാണ് സി പി എമ്മും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വന്‍ ആക്രമണമാണ് തലസ്ഥാനമായ അഗര്‍ത്തലയിലും മറ്റിടങ്ങളിലും നടമാടിയത്.
പാര്‍ട്ടി ഓഫീസുകള്‍ കത്തിക്കുകയും തകര്‍ക്കുകയും മാത്രമല്ല, പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഉപജീവന മാര്‍ഗം നശിപ്പിക്കുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനം കൂടി ഇവിടെയുണ്ടായിരുന്നു. വളര്‍ത്തുന്ന പശുക്കളെയടക്കം കൊല്ലുന്ന ക്രൂരത ഇതില്‍ പെട്ടതായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബംഗാളി വിഭാഗം ശക്തമായ ത്രിപുരയില്‍ സാന്നിധ്യമറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ശ്രമിക്കുന്നുണ്ട്. ജനസംഖ്യയില്‍ 70 ശതമാനവും ബംഗാളികളാണ്. കോണ്‍ഗ്രസ്സും സി പി എമ്മും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്.
കൊട്ടിക്കലാശം
പടിഞ്ഞാറന്‍ ത്രിപുരയിലെ മന്തായിയില്‍ ശനിയാഴ്ച ബി ജെ പി- തിപ്ര മോത്ത പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.