search for arjun
ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
ലക്ഷ്മണ്‍ നായിക്കും ഭാര്യയും രണ്ടു മക്കളും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പുഴയില്‍ നിന്ന് കിട്ടുകയും ചെയ്തു
മംഗളുരു | ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുരന്ത മേഖലയില്‍ പുഴയില്‍ നിന്ന് സ്‌കൂട്ടര്‍ ഉയര്‍ത്തി എന്ന വിവരത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞത്.
കറുത്ത ആക്ടീവ സ്‌കൂട്ടറാണ് പുഴയില്‍ നിന്ന് ലഭിച്ചത്. വണ്ടി ചതഞ്ഞരഞ്ഞ നിലയിലാണ്. ഈ സ്‌കൂട്ടറിലാണ് കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദുരന്തമുണ്ടായ ഷിരൂര്‍ ഗംഗാവാലി പുഴയോരത്ത് ചായക്കട നടത്തുന്ന ലക്ഷ്മണ്‍ നായിക്കും ഭാര്യയും രണ്ടു മക്കളും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പുഴയില്‍ നിന്ന് കിട്ടുകയും ചെയ്തു.
സ്‌കൂട്ടര്‍ അടിത്തട്ടില്‍ കണ്ടെത്തിയെന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രദേശവാസികള്‍ അത് ലക്ഷ്മണിന്റെ ഭാര്യയുടേതാകാം എന്ന സംശയം പറഞ്ഞിരുന്നു. നിറകണ്ണുകളോടെയാണ് ഇവരുടെ ബന്ധുക്കള്‍ സ്‌കൂട്ടര്‍ നോക്കി നിന്നത്.