From the print
അബ്ദുര്‍റഹീമിന്റെ മോചനം; ഹരജി ഫയലില്‍ സ്വീകരിച്ച് സഊദി കോടതി
സഊദി ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിലപാട് കൈക്കൊണ്ട് റിപോര്‍ട്ട് കോടതിക്ക് നല്‍കിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയുത്തരവുണ്ടാകുക.

റിയാദ് | സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതിന് പ്രായശ്ചിത്തധനം നല്‍കാന്‍ കുടുംബവുമായി ധാരണയായ വിവരം അറിയിച്ച് അഭിഭാഷകന്‍ മുഖേന നല്‍കിയ അപേക്ഷ സഊദി ഓണ്‍ലൈന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യം പ്രതിഭാഗം വക്കീല്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഊദി ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിലപാട് കൈക്കൊണ്ട് റിപോര്‍ട്ട് കോടതിക്ക് നല്‍കിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയുത്തരവുണ്ടാകുക. പ്രായശ്ചിത്ത ധനം നല്‍കാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നല്‍കുകയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ആദ്യം ഉണ്ടാകേണ്ട നടപടി. പിന്നാലെ വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വരുമെന്നാണ് കരുതുന്നത്.
വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാല്‍ അത് സുപ്രീംകോടതി ശരിവെക്കണം. ഇതിനെല്ലാം ശേഷമായിരിക്കും ജയില്‍ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയെന്നും അഭിഭാഷകര്‍ പറഞ്ഞു.ഇന്ത്യയില്‍ നിന്ന് സമാഹരിച്ച തുക സഊദിയിലേക്ക് എത്തിക്കാനുള്ള ശ്രമവും ഇതിനകം ആറംഭിച്ചിട്ടുണ്ട്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അശ്‌റഫ് വേങ്ങാട്ടും പറഞ്ഞു. ഫറോക്കില്‍ ഓട്ടോ ഡ്രൈവറായിരുന്ന കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുര്‍റഹീം 22 വയസ്സുള്ളപ്പോള്‍ 2006 നവംബര്‍ 28നാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലേക്ക് പോയത്.
സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുര്‍റഹ്്മാന്‍ അല്‍ശഹ്്രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ശഹ്്രിയെ പരിചരിക്കുന്നതിനിടെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ അബദ്ധത്തില്‍ റഹീമിന്റെ കൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെ റിയാദിലെത്തിയതിന്റെ 28ാം നാളില്‍ റഹീം ജയിലിലായി. റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് ജയില്‍ വാസം 18 വര്‍ഷത്തോളം നീണ്ടത്. വധശിക്ഷ നടപ്പാക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രായശ്്ചിത്ത ധനം സ്വീകരിച്ച് മാപ്പുനല്‍കാന്‍ തയാറാണെന്ന് സഊദി കുടുംബം അറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ മൂന്നാഴ്ചക്കുള്ളില്‍ 34 കോടി രൂപ സമാഹരിച്ചത്.