Connect with us

National

ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികളുടെ മോചനം; ഗുജറാത്ത് സര്‍ക്കാര്‍ നടപടി കേന്ദ്ര നിര്‍ദേശത്തിന് കടകവിരുദ്ധം

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രം തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക നയത്തിന് രൂപംകൊടുക്കുകയും സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, മോചിപ്പിക്കാവുന്നവരുടെ പട്ടികയില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ 11 പ്രതികളെയും വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി കൂടുതല്‍ വിവാദത്തിലേക്ക്. പ്രതികള്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ഗോധ്ര സബ് ജയിലില്‍ നിന്ന് വിട്ടയച്ചത്. എന്നാല്‍, ബലാത്സംഗ കേസിലെ പ്രതികളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി.

ആസാദി കാ അമൃത് മഹോത്സവിന്റെ (സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍) ഭാഗമായി കേന്ദ്രം തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക നയത്തിന് രൂപംകൊടുക്കുകയും സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, മോചിപ്പിക്കാവുന്നവരുടെ പട്ടികയില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ബില്‍കിസ് ബാനു കേസില്‍ നടപ്പിലാക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ ബി ജെ പി തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിന് കടകവിരുദ്ധമായ നടപടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. മാത്രമല്ല, ജീവപര്യന്തം തടവുകാരെ മോചിപ്പിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ബില്‍ക്കിസ് ബാനു കേസിലെ ജീവപര്യന്തം തടവ് അനുഭവിച്ചു വന്ന 11 പ്രതികള്‍ക്കും കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം ബാധകമാക്കാനാകില്ല.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളുടെ തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടു. 2008ല്‍ മുംബൈ പ്രത്യേക കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് ബോംബെ ഹൈക്കോടതി ശിക്ഷാവിധി ശരിവെക്കുകയും ചെയ്തു.