Connect with us

kerala budget 2024

സാമ്പത്തിക ഞെരുക്കത്തിലും ബജറ്റിൽ ആശ്വാസ പ്രഖ്യാപനങ്ങൾ

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ക്ഷേമ പെൻഷൻ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കുമെന്ന പ്രഖ്യാപനവും റബ്ബറിന്റെ താങ്ങുവില ഉയർത്തിയതും ആശ്വാസകരം

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും ജനങ്ങള്‍ക്കു ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങൾ ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഇടംപിടിച്ചു. സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അത് കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കുമെന്ന പ്രഖ്യാപനം വലിയൊരു വിഭാഗത്തിന് ആശ്വാസം പകരുമെന്നുറപ്പ്.

പെന്‍ഷന്‍ വൈകാന്‍ കാരണം കേന്ദ്രത്തിന്റെ സമീപനമാണെന്നും പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണു കേരളമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും വലിയൊരു വിഭാഗത്തിന് ആശ്വാസം പകരുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം പിന്‍വലിക്കണമെന്നും പഴയ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ നടപ്പാക്കണമെന്നും ജീവനക്കാരുടെ നിരന്തരമായ ആവശ്യമാണ്. യു ഡി എഫ് സര്‍ക്കാറാണ് കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായതും ജീവനക്കാര്‍ക്ക് ആഹ്ലാദം പകരുന്നതാണ്.

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രഖ്യാപനം. എല്‍ ഡി എഫ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മും ക്രൈസ്തവ സഭകളും കര്‍ഷക സംഘടനകളും താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയിരുന്നു. 200 രൂപയെങ്കിലുമായി താങ്ങുവില ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. 180 രൂപയായി ഉയര്‍ത്തിയതു തന്നെ ആശ്വാസം പകരുന്നതാണ്. നിലവില്‍ 170 രൂപയാണ് കിലോയ്ക്ക് റബ്ബറിന്റെ ഇപ്പോഴത്തെ താങ്ങുവില.

കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. നാളികേര വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ക്ഷീര വികസനത്തിന് 150.25 കോടി രൂപയും മൃഗ പരിപാലനത്തിന് 535.9 കോടി രൂപയും വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപയും അനുവദിച്ചു. കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടിയും ഉള്‍നാടന്‍ മത്സ്യ ബന്ധന മേഖലയ്ക്ക് 80 കോടി രൂപയും നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി രൂപയും നീക്കിവച്ചതും കാര്‍ഷിക മേഖലക്ക് ആശ്വാസം പകരുന്നതാണ്.

പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതിയായ ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ചോടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും വലിയൊരു വിഭാഗം ആളുകൾക്ക് പ്രതീക്ഷ പകരും. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഇതുവരെ 371934 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. ലൈഫ് പദ്ധതിക്ക് ഈ വര്‍ഷം 1132 കോടി രൂപ കൂടി നീക്കിവെച്ചതായും മന്ത്രി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും കേരളത്തെ ഞെരുക്കുന്ന നടപടി തുടര്‍ന്നാല്‍ പ്ലാന്‍ ബി മുന്നോട്ടു വയ്ക്കുന്നുണ്ട് ബജറ്റ്. എന്നാല്‍ പ്ലാന്‍ ബി എന്താണെന്നു മന്ത്രി വിശദമാക്കിയിട്ടില്ല.

 

Latest